പേടിച്ചു വിറച്ച് ആറുമണിക്കൂര്‍ വീട്ടുകാര്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. നെരിയാനിപൊയ്ക സ്നേഹ പ്രഭയില്‍ അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ കണ്ട പാമ്പിനായാണ് ടോര്‍ച്ച് കെണി ഒരുക്കിയത്. വീടിനു പിറകുവശത്ത് അടുക്കിവച്ചിരുന്ന വിറകിനടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് വീട്ടമ്മ മൂര്‍ഖനെ കണ്ടത്.
പാമ്പിനെ കണ്ടയുടന്‍ വീട്ടുകാര്‍ വിവരം വാവ സുരേഷിനെ അറിയിച്ചു. പാമ്പിനായുള്ള ടോര്‍ച്ച് കെണിയെക്കുറിച്ച് വാവ സുരേഷ് തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. തിരുവനന്തപുരത്തു നിന്നു എത്തുന്നതുവരെ പാമ്പിന്റെ കണ്ണിലേക്ക് ടോര്‍ച്ച് തെളിച്ചു പിടിക്കാനായിരുന്നു നിര്‍ദേശം. നിലത്തു കിടന്നും ഇരുന്നും സമീപവാസികളായ യുവാക്കള്‍ ടോര്‍ച്ച് തെളിക്കാന്‍ തുടങ്ങിയതോടെ മൂര്‍ഖന്‍ പുറത്തിറങ്ങാന്‍ പറ്റാതെയായി. ടോര്‍ച്ചിന്റെ വെളിച്ചം കുറയുമ്പോള്‍ അടുത്ത വീടുകളില്‍ നിന്നും ടോര്ച്ചുകള് എത്തിച്ചുകൊണ്ടിരുന്നു.
ആളുകള്‍ കൂടിയാല്‍ പാമ്പിനെ പിടികൂടാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ആരെയും അറിയിക്കേണ്ടെന്നും സുരേഷ് അറിയിച്ചു. സമീപ വാസികള്‍ മാത്രമാണ് വാവ സുരേഷ് എത്തുന്ന കാര്യം അറിഞ്ഞത്. രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തു നിന്ന് എത്തിയ വാവ സുരേഷ് ടോര്‍ച്ച് വെളിച്ചത്തില്‍ അനങ്ങാതിരുന്ന മൂര്‍ഖനെ പിടികൂടി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മൂര്‍ഖനുമായി സെല്‍ഫിയെടുക്കാന്‍ അവസരവും നല്കി. ശേഷം മൂര്‍ഖനുമായി മടങ്ങി.
ആറരയടി നീളവുമുള്ള ആണ് മൂര്‍ഖന്‍ 13 വയസ് പ്രായമുണ്ട്. സാധാരണ മൂര്‍ഖന്‍ പാമ്പ് ആറര അടി മാത്രമേ വളരാറുള്ളതെന്നും സുരേഷ് പറഞ്ഞു. ഇഴജന്തുക്കള്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പുരയിടത്തില്‍ നിന്നുമാണ് പ്രദേശവാസികള്‍.