വെള്ളം കുടിച്ച് താരസ്ഥാനാര്‍ഥികള്‍… പ്രചാരണം കഠിനമാണെന്നു സ്ഥാനാര്‍ഥികളായ സിനിമാതാരങ്ങള്‍

Cartoonസിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക് എത്തിയപ്പോള്‍ ചില ശീലങ്ങള്‍ ഇവര്‍ക്കു ശീലക്കേടുകളായി. അകറ്റി നിര്‍ത്തിയിരുന്ന പലതും ശീലങ്ങളായും മാറി.  പത്തനാപുരത്തെ മുന്നണി സാരഥികളായ പി.വി.ജഗദീഷ് കുമാറും കെ.ബി.ഗണേഷ്കുമാറും ഭീമന്‍ രഘുവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എതിരാളികളില്‍ നിന്നല്ല. മറിച്ചു മാറാന്‍ കൂട്ടാക്കാതെ ഒപ്പം കൂടിയ ചില ശീലങ്ങളില്‍ നിന്നാണ്. ജഗദീഷും ഭീമന്‍ രഘുവും തെരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യമാണ്.

അതിനാല്‍ അവരാണു ശൈലി മാറ്റാന്‍ ഏറെ വിയര്‍പ്പൊഴുക്കുന്നത്. സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു എന്നാണയിടുമ്പോഴും ചില പൊരുത്തക്കേടുകള്‍. നാലാം തവണ മത്സരിക്കുന്ന ഗണേഷിനും പൂര്‍ണസമയ രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കം വന്നിട്ടില്ല. സിനിമാ ജീവിതം നല്‍കുന്ന ഗ്ലാമര്‍ പരിവേഷത്തില്‍നിന്നു രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയപ്പോള്‍ ചില ചിട്ടവട്ടങ്ങളും ദിനചര്യകളുമൊക്കെ മാറ്റേണ്ടിവന്നു. മൂവര്‍ക്കും ചിലപ്പോഴെങ്കിലും നിയന്ത്രണം വിട്ടുപോകുന്നതു മൂക്കിന്‍തുമ്പിലെ കോപമാണ്. സിനിമയിലേക്കാളേറെ സഹനശക്തിയാണു രാഷ്ട്രീയത്തില്‍ വേണ്ടതെന്നു മൂവര്‍ക്കും ബോധ്യമുണ്ട്. വാടിത്തളരാത്ത ശരീരം വെയിലില്‍ പകച്ചാല്‍ മറ്റുള്ളവര്‍ ‘”മേല്‍വെട്ട്’ വെട്ടുമെന്ന രാഷ്ട്രീയതന്ത്രം  സിനിമാക്കാര്‍ക്കും അന്യമല്ല.

അഞ്ചിന് ഉണരും

രാവിലെ അഞ്ചിന് ആരംഭിക്കും ജഗദീഷ് കുമാറിന്റെ ഒരു ദിവസം. എത്രവൈകി കിടന്നാലും ഉണരുന്നത് കൃത്യം അഞ്ചിനു തന്നെ. വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ ശീലം സിനിമയിലും ഇപ്പോള്‍ രാഷ്ട്രീയത്തിലും ഒരുപോലെ ഗുണകരമായെന്നു ജഗദീഷ് പറയുന്നു. ആറിനു താമസസ്ഥലത്തിനു തൊട്ടടുത്ത തട്ടുകടയില്‍നിന്ന് ഒരു ചായ, അതു നിര്‍ബന്ധമാണ്. എവിടെ ആയാലും ആറു മണിക്ക് ചായ വേണം. സമയം തെറ്റിക്കാന്‍ ഇഷ്ടമില്ല. സിനിമാക്കാര്‍ക്കിടയിലും തന്റെ കൃത്യനിഷ്ഠയെപ്പറ്റി രണ്ടഭിപ്രായമില്ല. ചൂടിനെ പ്രതിരോധിക്കാന്‍ മുഖത്തൊരല്പം ക്രീം. പക്ഷേ, അതിന് അഞ്ച് മിനിട്ടിന്റെ ആയുസ് മാത്രം. ഷൂട്ടിംഗിനിടയിലും ചൂടേല്‍ക്കേണ്ടി വരുമെങ്കിലും ഇത്രയധികം സമയം വേണ്ടിവരില്ല.

ഉപ്പിട്ട നാരങ്ങാവെള്ളം

ഉപ്പിട്ട നാരങ്ങാ വെള്ളമോ മോരും വെള്ളമോ വാഹനത്തിലുണ്ടാകും. തീര്‍ന്നാല്‍ വീണ്ടും വാങ്ങിക്കരുതും. ഉച്ചയൂണ് വൈകുന്നേരം നാലോടടുക്കും. അതുകൊണ്ട് ഉച്ചയ്ക്ക് ഒരു ഏത്തപ്പഴം. തുറന്ന ജീപ്പില്‍ അതും കരുതല്‍ ശേഖരമാണ്. രാത്രി ഭക്ഷണത്തിന് ഏറെ വൈകുന്നതിനാല്‍ ഇപ്പോള്‍ ആശ്രയം തട്ടുകട തന്നെ. വീട്ടിലെ ഭക്ഷണം ഉപേക്ഷിക്കേണ്ടി വന്നതു ബുദ്ധിമുട്ടാണ്. ചൂടു കാരണം ഒപ്പമുള്ളവര്‍ തണുത്ത വെള്ളമാണു കുടിക്കുന്നത്. ആദ്യമൂന്നുദിവസം ഇതു കണ്ടില്ലെന്നു നടിച്ചു. നാലാം ദിവസം നിയന്ത്രണം വിട്ടു.

തണുത്തവെള്ളം വാങ്ങിക്കുടിച്ചു. ഫലം തൊണ്ടയ്ക്ക് ഇന്‍ഫെക്ഷന്‍. വിവരമറിഞ്ഞു ഭാര്യ വിളിച്ചു. ആദ്യം സ്‌നേഹം കലര്‍ന്ന ശാസന, പിന്നാലെ മരുന്നു കുറുപ്പടിയുമെത്തി. പാന്റ്‌സില്‍നിന്നു പൂര്‍ണസമയം മുണ്ടിലേക്കു മാറിയതാണു പ്രകടമായ മറ്റൊരു വ്യത്യാസം. ധരിക്കുന്നതാകട്ടെ കോട്ടണ്‍ ഷര്‍ട്ടും. ഇടയ്ക്ക് “മൂത്രശങ്ക’യുണ്ടായപ്പോള്‍ ഇനി പതിനാറ് വരെ ആ “ശങ്ക’വേണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് ഉപദേശിച്ചത്രെ. ചൂടിനെ ചെറുക്കാന്‍ തുറന്ന ജീപ്പിന്റെ ഒരു വശത്തു ചെറിയ ഫാനും ഫിറ്റ് ചെയ്താണു ജഗദീഷിന്റെ യാത്ര.

മാംസാഹാരമില്ല

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെ ദിവസവും പുലര്‍ച്ചെ ആരംഭിക്കും. സൂര്യനുദിക്കും മുമ്പേ നിവേദക സംഘം മുറ്റത്തെത്തിയിട്ടുണ്ടാകും. മുമ്പെങ്ങുമില്ലാത്ത തെരഞ്ഞെടുപ്പ് ചൂട് ഇത്തവണ ഉള്ളതുകൊണ്ട് പ്രഷര്‍ ഇടയ്ക്കിടെ വില്ലനായെത്തും. രാഷ്ട്രീയത്തിലെത്തിയ ശേഷം കൂടെക്കൂടിയതാണു പ്രഷര്‍. ഇതിനിടെ രണ്ടു ദിവസം ഡ്രിപ്പിട്ട ശേഷം തളര്‍ച്ച മാറ്റി വൈകിയാണു സ്വീകരണയോഗങ്ങള്‍ ആരംഭിച്ചത്. രാവിലെ സ്വന്തം വണ്ടിയില്‍ ആദ്യ സ്വീകരണസ്ഥലത്തെത്തും. ചൂടു വീണ്ടും വില്ലനായെത്തിയതിനാല്‍ കഴിഞ്ഞദിവസം ഉച്ചയോടെ സ്വീകരണ പരിപാടി നിര്‍ത്തിവച്ചു വിശ്രമിക്കാനായി മടങ്ങി. സൂര്യാഘാതഭീഷണിയുള്ളതിനാല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം. മാംസാഹാരം തെരഞ്ഞെടുപ്പ് കാലത്തു പൂര്‍ണമായും ഒഴിവാക്കും.

വൈകിയുള്ള ഭക്ഷണം ശീലമായതിനാല്‍ തണ്ണിമത്തന്‍ വണ്ടിയില്‍ തന്നെ കരുതും. തൈര് സാദം ചൂടിനെ പ്രതിരോധിക്കാന്‍ ഉത്തമമാണെന്നു ഗണേഷ്കുമാറിന്റെ സാക്ഷ്യം. ഉപ്പിട്ട നാരങ്ങാവെള്ളവും തണ്ണിമത്തന്‍ ജ്യൂസും വാഹനത്തില്‍ സ്റ്റോക്ക്. ഒന്നിടവിട്ട സ്വീകരണ സ്ഥലങ്ങളില്‍ ശീലങ്ങളറിയാവുന്ന പ്രവര്‍ത്തകരും നാരങ്ങാവെള്ളം കരുതിയിട്ടുണ്ടാകും. സ്വീകരണ വാഹനത്തിന്റെ ഇരുവശങ്ങളിലും കെട്ടിയിരിക്കുന്ന ഷാള്‍ സ്വീകരണത്തിന് ശേഷം കൈയും മുഖവും തുടയ്ക്കാനുള്ളതാണ്. മുന്‍ തവണകളേക്കാള്‍ ചൂട് അസഹ്യമെന്നാണ് ഗണേഷിന്റെ വാദം.

ഭീമന്‍ ൈസ്റ്റല്‍

“എനിക്കൊരു മാറ്റവുമില്ല, ഇതെല്ലാം എന്റെ ശീലങ്ങളാണ്, ഇതാണ് ഭീമന്‍ ൈസ്റ്റല്‍’ എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന്‍ രഘുവിന്റെ വാക്കുകളാണിത്. പുലര്‍ച്ചെ അഞ്ചിനുണരുന്ന ശീലം പണ്ടേയുള്ളതാണ്. തിരിച്ചു കടിക്കാത്തതെന്തും കഴിക്കുന്നതാണു ശീലം. അതിനാല്‍ സ്ഥാനാര്‍ഥിയായതു ഭക്ഷണത്തെ ബാധിച്ചിട്ടില്ല. വേനല്‍ച്ചൂട് കൂടുതലാണെങ്കിലും ഇതിലും വലിയ വെയിലിലും വെളിച്ചത്തിലുമാണു പലപ്പോഴും ഷൂട്ടിംഗ്. എങ്കിലും ഉപ്പും മധുരവും കലര്‍ത്തിയ നാരങ്ങവെള്ളത്തോടുള്ള പ്രിയം കാരണം ഒപ്പം കരുതും. സൗകര്യപ്രദമായ സ്വീകരണസ്ഥലത്തെത്തിയാല്‍ കടകളില്‍ നിന്നുള്ള സോഡാ നാരങ്ങാവെള്ളവും പതിവ്. ഉച്ചയുറക്കത്തിനു കോട്ടം തട്ടിയതാണ് ഏക കുഴപ്പം. എന്നാലും ചിലദിവസങ്ങളില്‍ ഭക്ഷണശേഷം ഒരുചെറു മയക്കം. അതുവരെ നേതാക്കളും പ്രവര്‍ത്തകരും ക്ഷമയോടെ കാത്തുനില്ക്കും.  ഉപേക്ഷിക്കാന്‍ മടിയുള്ള വസ്തു കറുത്ത റെയ്ബാന്‍ ഗ്ലാസാണ്. വോട്ടര്‍മാര്‍ക്കരികിലെത്തു മ്പോഴുമുണ്ടാകും ഈ കണ്ണട.  വേനലിനെ പ്രതിരോധിക്കാനും ഇതുപകാരപ്പെടുമെന്നാണു ഭീമന്റെ പക്ഷം.

Related posts