വേതനവര്‍ധന അംഗീകരിച്ചു; ഫാക്ടിലെ ദിവസ വേതനക്കാരുടെ സമരം പിന്‍വലിച്ചു

EKM-SAMAMRAMകളമശേരി: ഏപ്രില്‍ മാസം മുതല്‍ ദിവസക്കൂലിയില്‍ വര്‍ദ്ധനവ് നടപ്പിലാക്കാമെന്ന ധാരണയെ തുടര്‍ന്നു ഫാക്ടിലെ ദിവസവേതന  തൊഴിലാളികളുടെ 14 മണിക്കൂര്‍ നീണ്ട ഉപരോധസമരം പിന്‍വലിച്ചു.  ഫാക്ട് എംഡി ശ്രീവാസ്തവയും സിപി എം ജില്ലാ സെക്രട്ടറി പി. രാജീവും തമ്മില്‍ രാത്രി വൈകി നടത്തിയ ചര്‍ച്ചയിലാണു ധാരണയായത്. ഇതിന്‍ പ്രകാരം ദിവസവേതന തൊഴിലാളികള്‍ക്ക് 30.5ശതമാനം ശമ്പള വര്‍ധനവു ലഭിക്കും. ഏപ്രില്‍ മാസം മുതല്‍ ഇതു പ്രാബല്യത്തില്‍ വരുന്നതിനാല്‍ ഓരോ തൊഴിലാളിക്കും ശമ്പള വര്‍ധനവു കൂടാതെ 13000 രൂപയോളം ലഭിക്കാന്‍ അര്‍ഹതയുണ്ടാകും.

ഈ തുക ഓണത്തിനു മുമ്പായി വിതരണം ചെയ്യാനും ധാരണയായി. പുതിയ കരാര്‍ അടുത്ത വര്‍ഷം ഏപ്രിലില്‍  നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വീണ്ടും പുതുക്കുമെന്നു തൊഴിലാളി പ്രതിനിധി പി.എസ് അഷറഫ് അറിയിച്ചു.ദിവസവേതന തൊഴിലാളികള്‍ ഇന്നലെ രാവിലെ നടത്തിയ കോര്‍പ്പറേറ്റ് ഓഫീസ് മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് ഫാക്ട് എംഡിയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ രാത്രി വരെ സ്ത്രീകള്‍ ഉള്‍പ്പെട്ട നൂറു കണക്കിന് തൊഴിലാളികള്‍  ഉപരോധം നടത്തിയിരുന്നു. രാത്രി 12 മണിയോടെയാണ് ഉപരോധസമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ഫാക്ടിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന താത്കാലിക തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് അവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ചയാണ് മാര്‍ച്ച് ആരംഭിച്ചത്. ചര്‍ച്ചകള്‍ പരാജയപ്പെടുത്തി മാനേജ്‌മെന്റ് സമരം നീട്ടിക്കൊണ്ടു പോകുകയാണെന്നാണു തൊഴിലാളികള്‍ ആരോപിച്ചത്. ഇതില്‍ പ്രതിഷേധിച്ച്  ഇന്നലെ രാവിലെ 9.30ന് ഫാക്ട് ടൈം ഗേറ്റിന് മുമ്പില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ടിസിസി കമ്പനിയുടെ മുന്നിലൂടെ കടന്നു ഫാക്ടിന്റെ മാര്‍ക്കറ്റിന് സമീപത്തെത്തിയപ്പോള്‍ സിഐഎസ്എഫ് സേനാംഗങ്ങള്‍ ഗേറ്റ് അടക്കുകയും ഗേറ്റിന് പുറത്തു നിന്ന പോലീസുകാര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

കമ്പനിയുടെ രണ്ട് മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്നു കോടതി ഉത്തരവ് ഉണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലാണു തടഞ്ഞത്. എന്നാല്‍ ഗേറ്റടച്ചത്  സമരക്കാരെ പ്രകോപിതരാക്കി.തുടര്‍ന്നു നേരിയ തോതില്‍ ഉന്തും തള്ളും ഉണ്ടായി. ഗേറ്റ് പൊതുവഴിയാണന്നും അത് അടക്കാന്‍ പോലിസിന് അധികാരമില്ലെന്നും അതിനാല്‍ ഗേറ്റ് തുറക്കാന്‍ അടിയന്തരമായി പോലിസ് തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം ഒഴിവാക്കാന്‍  ഏലൂര്‍ എസ്‌ഐ സുജിത്ത് സിഐഎസ്എഫ് കമാന്ററുമായി സംസാരിക്കുകയും ഗേറ്റ് തുറന്നു കൊടുക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന ഉപരോധ സമരം കെ. ചന്ദ്രന്‍പിള്ള എംപി ഉദ്ഘാടനം ചെയ്തു. 385 കാഷ്യല്‍ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നും സിഎംഡി ഒരു ദിവസം വാങ്ങുന്ന 15000 രൂപ ഒരു തൊഴിലാളിക്ക് ഒരു മാസം ലഭിക്കുന്നില്ലെന്നും ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും മുന്‍ എംപി കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു. അതേ സമയം സസ്‌പെന്‍ഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ല.

Related posts