ആലുവ: നാനൂറ് ദിവസം കൊണ്ട് നൂറ് പാലം അതും ആലുവ ശിവരാത്രി മണപ്പുറത്തേക്ക്, ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി. 400 ദിവസം 100 പാലങ്ങള്‍ എന്ന പൊതുമരാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി 100-ാമത്തെ പാലമായ ആലുവ-ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലുവ ശിവരാത്രി മണപ്പുറത്തേക്ക് വര്‍ഷങ്ങളായി താത്ക്കാലിക പാലമാണ് നിര്‍മിച്ചിരുന്നത്. ഭക്തജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ പാലം നിര്‍മാണത്തിനു തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ എംഎല്‍എ അന്‍വര്‍സാദത്തിന്റെ ഇച്ഛാശക്തിയും സമാനതകളില്ലാത്ത ആത്മവിശ്വാസവുമാണ് ആലുവയുടെ ഈ വികസനത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മനസുവച്ചാല്‍ എവിടേയും എത്താം എന്നതിന്റെ തെളിവാണ് കഴിഞ്ഞ 5 വര്‍ഷക്കാലത്തെ യുഡിഎഫിന്റെ വികസനവും വിജയവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മിച്ചതില്‍ ആലുവ-ശിവരാത്രി മണപ്പുറത്തേക്ക് പെരിയാറിനു കുറുകേ നിര്‍മിച്ച പാലം 100-ാമത്തെ പാലമാണെന്നും ശിവരാത്രി പാലം ചരിത്രം സൃഷ്ടിക്കുകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. യുഡിഎഫ് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്തതായി മന്ത്രി പറഞ്ഞു.
ശബരിമലയ്ക്കുവേണ്ടി മുഖ്യമന്ത്രി ആദ്യം 40 കോടി രൂപയും പിന്നീട് 60 കോടി രൂപയും വകകൊള്ളിച്ചതായും വരുന്ന 5ന് ശബരിമലയില്‍ റോപ്പ്വേ ഉദ്ഘാടനം ചെയ്യുമെന്നും ഉദ്ഘാടനം ചെയ്ത ശിവരാത്രി മണപ്പുറത്തേക്കുള്ള പാലം ഒരിക്കലും അടച്ചിടില്ലെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡെഫ്യൂറോ ഫൗണ്ടേഷന് ആന്‍ഡ് സ്ട്രക്ചേഴ്സ് എംഡി സി.വി. രാജീവ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബെന്നി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജയരാജ്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാബു എന്നിവരെ ആദരിച്ചു.
പ്രയാര്‍ ഗോപാലകൃഷ്ണന്, സിനിമാതാരങ്ങളായ ദിലീപ്, നിവിന്‍പോളി എന്നിവര്‍ പ്രസംഗിച്ചു. എ.പി.എ. മുഹമ്മദ് ഹനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ കുമാരി ലിസി എബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമറാവു, പ്രേമപ്രസാദ്, മുന്‍ എംപി കെ.പി. ധനപാലന്, യുഡിഎഫ് ജില്ലാ ചെയര്മാന് എം.ടി. ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ്, മുന്‍ നഗരസഭാ ചെയര്മാന് എം.ടി.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. അന്‍വര്‍സാദത്ത് എംഎല്‍എ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന് കൃതജ്ഞതയും പറഞ്ഞു.