സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു; നടപടി വേണമെന്ന് നാട്ടുകാര്‍

KKD-APAKADOMനാദാപുരം: സംസ്ഥാന പാതയിലെ അപകടമേഖലയായ കല്ലാച്ചി പയന്തോങ്ങില്‍ ഗവ. യുപി സ്കൂള്‍ പരിസരത്ത് അപകടങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. സ്ഥലത്ത്് ഹോംഗാര്‍ഡിന്റെയോ പോലീസിന്റെയോ സഹായം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സ്പീഡ് ബ്രേക്കറോ വരമ്പുകളോ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇ.കെ.വിജയന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. ഈ മേഖലയില്‍ നാല് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്.

നാദാപുരം-കുറ്റിയാടി റോഡില്‍ ഏറ്റവും വീതികുറഞ്ഞ മേഖലയാണ് പയന്തോങ്ങ് കവല. ഇവിടെ വിദ്യാര്‍ഥികളും മറ്റും ബസ് കാത്തു നില്‍ക്കുന്നതുപോലും റോഡില്‍ തന്നെയാണ്. കഴിഞ്ഞ ആഴ്ച സ്വകാര്യ ബസിടിച്ച് ഒരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്ക് യാത്രികര്‍ മരിച്ചതുള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊതുമരാമത്ത് വിഭാഗം അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉടന്‍ പ്രശ്്‌നപരിഹാരം കാണുമെന്ന് എംഎല്‍എ പറഞ്ഞു.

Related posts