സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് മൂന്നുപേര്‍ അറസ്റ്റില്‍’; ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സംശയം

ktm-ARRESTകടുത്തുരുത്തി: കേരളാ ഫീഡ്‌സില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരെ വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണര്‍കാട് വെട്ടിക്കുന്നേല്‍ മനോജ് എബ്രഹാം (49), പത്തനംതിട്ട കോന്നി മലയാലപ്പുഴ വെട്ടിമൂട്ടില്‍ സുനില്‍കുമാര്‍ (50), കൊല്ലം പത്തനാപുരം നിഖില്‍വില്ലയില്‍ സുമം (58) എന്നിവരാണ് അറസ്റ്റിലായത്.

പെരുവയില്‍ ഫര്‍ണിച്ചര്‍ കട നടത്തുന്ന പെരുവ ആലപ്പാടന്‍ വീട്ടില്‍ ഡിക്‌സണ്‍ തോമസാണ് പരാതിക്കാരന്‍. ഡിക്‌സണ്‍ന്റെ ഭാര്യയ്ക്ക് ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാന്‍ പത്തുലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം മുന്‍കൂര്‍ നല്‍കണമെന്നും ജോലിക്കുള്ള നിയമന ഉത്തരവ് ലഭിച്ചശേഷം ബാക്കി അഞ്ച് ലക്ഷം നല്‍കണമെന്നുമായിരുന്നു കരാര്‍.

ഇതിനുസരിച്ച് ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ രണ്ടുതവണയായി ഡിക്‌സണ്‍ പ്രതികള്‍ക്ക് നല്‍കി. പിന്നീട് ജോലി ലഭിക്കാതെ വന്നതോടെ തട്ടിപ്പ് മനസിലാക്കി കഴിഞ്ഞ മൂന്നിന് ഡിക്‌സണ്‍ വെള്ളൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.  ഇവര്‍ സമാനരീതിയില്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് സംശയിക്കുന്നു.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വെള്ളൂര്‍ എസ്‌ഐ സജിമോന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ജയകുമാര്‍, തിരുമേനി, ഗ്രേഡ് എസ്‌ഐ മോഹനന്‍, വനിത സിപിആ വത്സല, സീനിയര്‍ സിപിഒമാരായ മോഹനന്‍, അജിനാഥ്, സിപിഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related posts