സൈക്കിളിനെ സ്‌നേഹിക്കുന്ന രാജ്യം; സൈക്കിളില്‍ സ്കൂളില്‍ വരണമെന്നു നിര്‍ബന്ധം

cycleലോകം വേഗതയില്‍ നിന്നും വേഗതയിലേക്കു കുതിക്കുമ്പോള്‍ ആരെങ്കിലും സൈക്കിളില്‍ സഞ്ചരിക്കുമോ ?  സഞ്ചരിക്കുമെന്നാണ് ഡെന്മാര്‍ക്ക് നിവാസികളുടെ ഉത്തരം. കുട്ടികള്‍ സൈക്കിളില്‍ സ്കൂളില്‍ പോകുന്നതിനെ എതിര്‍ക്കുന്നവരാണ് നമ്മുടെ മാതാപിതാക്കള്‍. എന്നാല്‍ സൈക്കിളില്‍ സ്കൂളില്‍ വരണമെന്നു നിര്‍ബന്ധം പിടിക്കുന്ന സ്കൂള്‍ അധികൃതരുണ്ടായാല്‍ എന്തു ചെയ്യും. ഡെന്മാര്‍ക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഒഡെന്‍സിലെ ഒരു പ്രാഥമീക വിദ്യാലയത്തിലാണ് ഇങ്ങനെയൊരു നിര്‍ബന്ധമുള്ളത്.

സെന്റ് ഹാന്‍സ് എന്നാണ് സ്കൂളിന്റെ പേര്. പ്രിന്‍സിപ്പല്‍ ലാര്‍സ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എല്ലാ വര്‍ഷവും വിദ്യാരംഭത്തില്‍ നടത്തുന്ന പ്രസംഗത്തില്‍ നഴ്‌സറികുട്ടികളുടെ മാതാപിതാക്കള്‍ക്കു മുമ്പില്‍ ഒരു നിബന്ധന വയ്ക്കാറുണ്ട്. കുട്ടികളെ സ്കൂളിലേക്ക് സൈക്കിളില്‍ അയയ്ക്കണമെന്നാണ് ആ നിബന്ധന.

സ്കൂളിനുള്ളിലേക്ക് മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സൈക്കിളില്‍ വരുന്നത് കുട്ടികളുടെ ആരോഗ്യവും ബുദ്ധിശക്തിയും വര്‍ധിപ്പിക്കുമെന്നാണ് പ്രിന്‍സിപ്പലിന്റെ പക്ഷം. സൈക്കിളുപയോഗിക്കാത്ത അമേരിക്കന്‍ കുട്ടികളുടെ പൊണ്ണത്തടി കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് സൈക്കിള്‍ യാത്രയുടെ ഗുണഗണങ്ങള്‍ ഇദ്ദേഹം വിശദീകരിക്കുന്നത്.

ഇത് ഒഡെന്‍സിലെ മാത്രം കാര്യമല്ല, ഡെന്മാര്‍ക്കിലെ അഞ്ചില്‍ നാലു കുട്ടികളും സ്കൂളില്‍ വരുന്നത് സൈക്കിളിലാണ്. ഒഡെന്‍സിലാകട്ടെ സൈക്കിള്‍ യാത്രയ്ക്ക് മാത്രമായി 217 കിലോമീറ്റര്‍ നീളം വരുന്ന പാതയുമുണ്ട്. അന്യവാഹനങ്ങള്‍ക്കൊന്നും ഈ പാതയില്‍ പ്രവേശനമില്ല. സ്കൂളിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ വിദ്യാര്‍ഥിയുടെ സൈക്കിളില്‍ കാറിടിച്ച് ഒന്നോ രണ്ടോ അപകടങ്ങള്‍ മാത്രമാണുണ്ടായതെന്നും, അതിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പറ്റിയ പരിക്കാവട്ടെ വളരെ നിസാരവുമായിരുന്നെന്നും എറിക്‌സണ്‍ പറയുന്നു.

സ്കൂളിലെ മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ പഠനയാത്രകള്‍ നടത്തുന്നതുവരെ സൈക്കിളിലാണ്. നഗരത്തിലെ 90 ശതമാനം വിദ്യാര്‍ഥികളും സൈക്കിളോ സ്‌കേറ്റിംഗ് ബോര്‍ഡോ ഉപയോഗിച്ചോ നടന്നോ ആണ് സ്കൂളില്‍ വരുന്നതെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്.

കാറും ബസും മുഖേനയുള്ള യാത്രകള്‍ കുട്ടികളില്‍ കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. എന്തായാലും ഈയൊരു ശീലം ഡെന്മാര്‍ക്കില്‍ ആരോഗ്യമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം.

Related posts