സ്കൂളുകളിലും തെരുവു നായ്ക്കളുടെ ശല്യം; ഭീതിയോടെ രക്ഷിതാക്കള്‍

TVM-DOGനെയ്യാറ്റിന്‍കര: സ്കൂള്‍ പരിസരങ്ങളില്‍ തെരുവു നായ്ക്കള്‍ അലഞ്ഞു തിരിയുന്നു. ഭീതിയോടെ കുഞ്ഞുങ്ങളും രക്ഷിതാക്കളും അധ്യാപകരും. നെയ്യാറ്റിന്‍കര താലൂക്കിലെ പല സ്കൂളുകളിലും തെരുവു നായ്ക്കളുടെ ശല്യം ക്രമാതീതമാകുകയാണ്. വഴിയാത്രക്കാരെയും മറ്റും തെരുവു നായ്ക്കള്‍ ആക്രമിക്കുന്ന വാര്‍ത്തകള്‍ ദിവസവും അറിയുന്നതോടെ രക്ഷിതാക്കളും അധ്യാപകരുമെല്ലാം വല്ലാത്തൊരു ആശങ്കയിലാണ് കഴിയുന്നത്.

കഴിഞ്ഞ ദിവസം ധനുവച്ചപുരം എന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലേലം പിടിച്ചിട്ടിരുന്ന വിറക് എടുക്കാന്‍ ചെന്ന വൃദ്ധയെ തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. മാരത്തോണ്‍ താരം ബാഹുലേയന്റെ അമ്മ ധനുവച്ചപുരം വൈദ്യന്‍വിളാകത്ത് വാസന്തി (60) യ്ക്കു നേരെയായിരുന്നു നായ്ക്കളുടെ ആക്രമണം. സ്കൂള്‍ കോമ്പൗണ്ടിലൂടെ നടന്ന വാസന്തിയുടെ അടുത്തേയ്ക്ക് നായ്ക്കള്‍ കുരച്ചു കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വാസന്തിയുടെ വലതുകാലില്‍ നായ്ക്കള്‍ കടിച്ചു മുറിവേല്‍പ്പിച്ചു.

തൊട്ടടുത്ത മൈതാനത്തില്‍ കളിക്കുകയായിരുന്ന കുട്ടികളും വഴിയാത്രക്കാരും വാസന്തിയുടെ നിലവിളി കേട്ട് ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. മുറിവില്‍ മരുന്നു വെച്ചുകെട്ടി, കുത്തിവയ്പ്പിനു ശേഷം വാസന്തിയെ ആശുപത്രി അധികൃതര്‍ വീട്ടിലേയ്ക്ക് അയച്ചു.

നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഗവ. എംടി എച്ച്എസില്‍ നായ്ക്കള്‍ പെറ്റു കിടക്കുകയാണെന്ന് വിദ്യാര്‍ഥിക ളും രക്ഷിതാക്കളും പറയുന്നു. പതിനഞ്ചോളം നായ്ക്കളുണ്ടത്രെ. ഇവ അടിയന്തരമായി നീക്കം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന അപേക്ഷ സ്കൂള്‍ അധികൃതര്‍ നഗരസഭയ്ക്ക് നല്‍കിയിട്ടുണ്ട്. ക്ലാസ് മുറികളിലും മറ്റും ഇവ അലഞ്ഞു തിരിയുന്നത് പേടിയോടെയാണ് കുട്ടികള്‍ വീക്ഷിക്കുന്നത്. ലൈബ്രറിക്കും ക്ലാസ് മുറികള്‍ക്കും മുന്നില്‍ നായ്ക്കളുടെ വിസര്‍ജ്യങ്ങളും പതിവു കാഴ്ചയാണ്. പല സ്കൂള്‍ പരിസരങ്ങളും കാടും പടര്‍പ്പും കയറിയ നിലയിലാണ്. കുട്ടികള്‍ കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആശ്രയം.

Related posts