സ്റ്റാര്‍ട്ട്, ആക്ഷന്‍… വി.എസ് അഭിനയം തുടങ്ങി

tvm-vsകൂത്തുപറമ്പ്: ലൊക്കേഷന്‍: വലിയവെളിച്ചം വ്യവസായ കേന്ദ്രം. സീന്‍: ഒന്ന്, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.—എസ്. അച്യുതാനന്ദന്‍ ആള്‍ക്കൂട്ടത്തിലെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ വേദിയിലേക്ക്…സീന്‍: രണ്ട്, സ്‌റ്റേജില്‍ കയറിയ വി.എസ് സമരക്കാരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു…സീന്‍: മൂന്ന്, സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കാന്‍ പ്രസംഗവേദിയിലേക്ക്….കൂത്തുപറമ്പ് ദൃശ്യ ആര്‍ട്‌സ് ക്ലബ് നിര്‍മിക്കുന്ന കാമ്പസ് ഡയറി എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് വി.എസ് ഇന്ന് ഉച്ചയോടെ ചായം തേച്ച് കാമറയ്ക്ക് മുന്നിലെത്തിയത്. രാവിലെ ഒമ്പതിനായിരുന്ന ഷൂട്ടിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഉച്ചയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

സിനിമയില്‍ അഭിനയിക്കുന്ന വി.എസിനെ കാണാന്‍ രാവിലെ മുതല്‍ വന്‍ജനക്കൂട്ടം വലിയവെളിച്ചം വ്യവസായ കേന്ദ്രത്തില്‍ കാത്തിരുന്നു. കാമ്പസും പരസ്ഥിതി വിഷയങ്ങളും ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതു നീര്‍വേലി ഏളക്കുഴി സ്വദേശിയായ ജീവന്‍ദാസാണ്. കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു നടത്തുന്ന സമരപരിപാടിക്ക് കേരള സമൂഹത്തിന്റെ പിന്തുണ അറിയിക്കാനാണ് വി.എസ് കഥാപാത്രമായി സിനിമയിലെത്തുന്നത്.

ജോയ് മാത്യു, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായര്‍, ഗൗതമി എന്നിവരുള്‍പ്പെടെയുള്ളവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിപിഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരും ഇതിനു മുമ്പ് സിനിമയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു.

Related posts