കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും ഷോഡോ പോലീസിന നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ കസ്റ്റഡിയിലെടുക്കാനും വിശദമായി ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലെ ലോഡ്ജുകളും അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളിലും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്ന കാക്കനാട് കളക്ടറേറ്റ് മൈതാനിയിലും മറൈന്‍ഡ്രൈവിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഇവിടെ പരേഡിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കാണികള്‍ക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന ആലോചനാ യോഗത്തില്‍ കളക്ടര്‍ നല്‍കിയിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന്റെ സേവനവും ഇവിടെയുണ്ടാകും.
വിദേശികള്‍ കൂടുതല്‍ വന്നുപോകുന്ന ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലും ഷാഡോ പോലീസിനെ വ്യന്യസിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഭീകരാക്രമണം തടയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കമ്മീഷണര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇതില്‍ കേരളവും ഉള്‍പ്പെടുന്നു. ഈ സാഹ്യചര്യത്തില് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചി ഒരു പ്രധാനകേന്ദ്രമായതിനാല്‍ കൂടുതല്‍ കനത്ത സുരക്ഷയാണ് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
സ്വാതന്ത്യ ദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
ബസ്, ട്രെയിന്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന പൊതിക്കെട്ടുകള്‍, പാത്രങ്ങള്‍, ബാഗുകള്‍ എന്നിവ ഒരു കാരണവശാലും എടുക്കരുതെന്നും സംശയകരമായ സാഹചര്യത്തില്‍ വാഹനങ്ങളോ വ്യക്തികളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.