സ്വന്തം ലേഖകന്‍
തൃശൂര്‍: സബ്സിഡിയോടെ അനെര്‍ട്ട് നടപ്പാക്കുന്ന സൗരോര്‍ജ മേല്‍ക്കൂര പദ്ധതിയില്‍ പേരു രജിസറ്റര്‍ ചെയ്യാന്‍ എത്തിയ അനേകം പേര് പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ യഥാര്‍ഥ ചെലവു തുക സംബന്ധിച്ച വിശദീകരണം കേട്ടപ്പോള്‍ അമ്പരന്നു പിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 91,000 രൂപ സബ്സിഡി നല്കുന്ന പദ്ധതി നടപ്പാക്കാന്‍ ഗുണഭോക്താക്കള്‍ 97,000 രൂപ മുതല്‍ 1.10 ലക്ഷം രൂപവരെ ചെലവാക്കിയാല്‍ മതിയാകുമെന്നു വ്യക്തമാക്കിക്കൊണ്ട് അനര്‍ട്ട് കഴിഞ്ഞ ദിവസം നല്കിയ പത്രവാര്‍ത്ത വായിച്ച് ആകൃഷ്ടരായാണ് ഏറെപേരും എത്തിയത്. ഒരു ലക്ഷം രൂപയുടെ പദ്ധതിയില്‍ 91,000 രൂപ സബ്സിഡിയായി ലഭിക്കുമെന്നും ഇരുപതിനായിരം രൂപവരെ മുടക്കിയാല്‍ പദ്ധതി നടപ്പാക്കാനാകുമെന്നും ധരിച്ചാണ് ഏറെപ്പേരും ദൂരസ്ഥലങ്ങളില്‍നിന്നുപോലും എത്തിയത്.
യഥാര്‍ഥത്തില്‍ ഒരു ഗുണഭോക്താവ് 2.30 ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വരുന്ന പദ്ധതിയാണിതെന്ന് പേരു രജിസ്റ്റര്‍ ചെയ്യാന്‍ അയ്യന്തോളിലെ അനെര്‍ട്ടിന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് അറിയുന്നത്. ഗുണഭോക്താവു ചെലവാക്കേണ്ട തുക പത്രങ്ങള്‍ക്കു പ്രസിദ്ധീകരണത്തിനു നല്കിയ വാര്‍ത്താക്കുറിപ്പില്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലമുണ്ടായ പിഴവാണെന്ന് അനെര്‍ട്ട് അധികൃതര്‍ അറിയിച്ചു. സബ്സിഡിയായി ലഭിക്കുന്ന 91,000 രൂപ കുറച്ച് 1.20 രൂപ വരെ അടച്ചാല്‍ മതിയാകുമെന്ന് അനെര്‍ട്ട് ഓഫീസില്‍നിന്ന് വിശദീകരിച്ചു.
വീടുകളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പാനലുകളില്‍നിന്ന് ഒരു കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന പദ്ധതിയാണിത്. വീട്ടിലെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കുമെന്നു മാത്രമല്ല, അധികമുള്ള വൈദ്യുതി കെഎസ്ഇബിക്കു നല്‍കാനും കഴിയുമെന്നു പറഞ്ഞാണ് വിവിധ കമ്പനികള്‍ ഗുണഭോക്താക്കളെ ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ട് 13 സ്വകാര്യ കമ്പനികള്‍ മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതേസമയം പല സ്വകാര്യ കമ്പനികളും സബ്സിഡി വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി ഗുണഭോക്താക്കളെ സമീപിക്കുന്നുണ്ട്. ഒരു കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പാനലുകള്‍ സ്ഥാപിക്കുന്നതിന് 80,000 രൂപ മതുല്‍ രണ്ടര ലക്ഷം രൂപ വരെയുള്ള നിരക്കുമായാണ് പല സ്വകാര്യ സ്ഥാപനങ്ങളും ഗുണഭോക്താക്കളെ വശീകരിക്കുന്നത്.