ഹൃദയത്തില്‍ സൂക്ഷിക്കാന്‍…! അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരുടെയും അതിലൂടെ ജീവിതം തിരിച്ചുപിടിച്ചവരുടെയും അപൂര്‍വസംഗമം

സിജോ പൈനാടത്ത്
innocent1
കൊച്ചി: അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരും അതിലൂടെ ജീവിതം തിരിച്ചുപിടിച്ചവരും നിറഞ്ഞ സന്തോഷത്തോടെ ഒത്തുകൂടി. ജീവിതം തന്നെയും പകുത്തുനല്‍കാന്‍ മനസ് കാണിച്ചവര്‍, സ്‌നേഹവും കരുതലുമായി കൂടെ നിന്നവര്‍, ദൈവികമായ ഇടപെടലുകളിലൂടെ പ്രതീക്ഷ പകര്‍ന്ന ഡോക്ടര്‍മാര്‍, കുടുംബസമാനമായ പരിചരണമൊരുക്കിയ ആതുരാലയം, ജീവിതത്തിനും മരണത്തിനുമിടയിലെ നിര്‍ണായക ദിനങ്ങള്‍… ഇരമ്പിയാര്‍ക്കുന്ന ഓര്‍മകളുമായി എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയവും വൃക്കയും മാറ്റിവച്ചവരുടെ കുടുംബ സംഗമം ഹൃദയബന്ധങ്ങളുടെ ഊഷ്മള മൂഹൂര്‍ത്തം കൂടിയായി.

അഞ്ചാം വയസില്‍ വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ കിരണ്‍- ഓമന ദമ്പതികളുടെ മകന്‍ അശ്വിന്‍, അതുവരെ അപരിചിതനായിരുന്ന വ്യക്തിക്കു വൃക്ക ദാനം ചെയ്ത ഫാ.ജില്‍സണ്‍ തയ്യില്‍, എട്ടു മാസങ്ങള്‍ക്കു മുന്‍പു ലിസി ആശുപത്രിയില്‍ വൃക്ക മാറ്റിവച്ച സിനിമാതാരം സ്ഫടികം ജോര്‍ജ്, മൂന്നു വര്‍ഷംമുന്‍പ് അപൂര്‍വ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ ശ്രുതി ശശി എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറോളം പേരാണു സംഗമത്തിനെത്തിയത്. ഇവരെല്ലാം തങ്ങളുടെ പുതുജീവിതത്തെക്കുറിച്ചും അതിലേക്കുള്ള സഞ്ചാരവഴികളെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവച്ചു.

അര്‍ബുദത്തിന്റെ ഇരുട്ടില്‍നിന്നു പുതുജീവിതത്തിന്റെ പ്രകാശം വെട്ടിപ്പിടിച്ച പാര്‍ലമെന്റ് അംഗവും നടനുമായ ഇന്നസെന്റാണു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത്. അവയവദാനത്തിന്റെ മഹത്വത്തെ ഓര്‍മപ്പെടുത്തിയ അദ്ദേഹം, അതിനെ അന്ധമായി വിമര്‍ശിക്കുന്നവരുടെ അറിവില്ലായ്മ ചൂണ്ടിക്കാട്ടാനും മറന്നില്ല.

അവയവദാനം മഹത്തായ നന്മയാണെന്ന് ഇന്നസെന്റ് പറഞ്ഞു. അതിലൂടെ ജീവന്‍ ലഭിച്ച നിരവധി വ്യക്തികള്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. അവയവദാനത്തെ തള്ളിപ്പറയുന്നതു മനുഷ്യത്വപരമല്ല. കേരളം ഉറ്റുനോക്കിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തി ജീവിച്ചിരിപ്പില്ലെന്നു സിനിമാരംഗത്തെ ഒരു സുഹൃത്ത് പൊതുവേദിയില്‍ പറഞ്ഞിരുന്നു. അത് അറിവില്ലായ്മകൊണ്ടാണ്. സത്യം മനസിലാക്കി അദ്ദേഹംതന്നെ അതു തിരുത്തിയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബു ഫ്രാന്‍സിസ്. ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ.റോണി മാത്യു കടവില്‍, ഡോ.ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ അവയവദാനം നടത്തിയവരുമായി ആശയവിനിമയം നടത്തി. അവയവങ്ങള്‍ മാറ്റിവച്ചവരില്‍ ഏറെപ്പേരും സ്വന്തമായി ജോലി ചെയ്ത് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നവരാണ്. സാധാരണജീവിതം നയിക്കാന്‍ തങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നില്ലെന്ന് അവര്‍ പറഞ്ഞു. ലിസി ഫാര്‍മസി കോളജിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Related posts