കൊല്ലം: യുവതിക്കൊപ്പം ഹോട്ടല്‍മുറിയില്‍ നഗ്നചിത്രങ്ങളെടുത്ത് ബിസിനസുകാരനെ ബ്ലാക്ക്‌മെയി ല്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ സംഘത്തെ കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുംപഴതൂര്‍ ഇളവിനക്കര ആയില്യംകാവിന് സമീപം സുധീര്‍സദനത്തില്‍ ജയലാല്‍(23), ബാലരാമപുരം എ.വി സ്ട്രീറ്റില്‍ പട്ടാണിക്കൊടിതോപ്പ് വീട്ടില്‍ അക്ബര്‍ഷാ(24), മലപ്പുറം പെരുന്തല്‍മണ്ണ അനമങ്ങാട് ചോരാണ്ടി വാളയില്‍ കട്ടേക്കാട് വീട്ടില്‍ അബ്ദുള്‍സലാം(26), കോഴിക്കോട് കന്നൂര്‍ കൊയിലാണ്ടി ഉള്ളിയേരി വലയോട്ടില്‍ വീട്ടില്‍ ഇഷ എന്നു വിളിക്കുന്ന ജംഷീല(30), കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങനം അയനിക്കാട് കെവി ഹൗസില്‍ ജസീല(33), നെയ്യാറ്റിന്‍കര അതിയന്നൂര്‍ കണ്ണറവിള രോഹിത് ഭവനില്‍ രോഹിത് എം.രാജ്(23), തിരുവനന്തപുരം നേമം ഉപന്നിയൂര്‍ കാരക്കാമണ്ഡപത്തിന് സമീപം പൊറ്റവിള വീട്ടില്‍ അഷറഫ്(31), നെടുമങ്ങാട് പത്താംകല്ല് വിഐപി ജംഗ്ഷന് സമീപം സുമയ്യ മന്‍സിലില്‍ അജി എന്നു വിളിക്കുന്ന അജിത്(28), നേമം കല്ലിയൂര്‍ ഉപനിയൂര്‍ ശാന്തിവിള യുപി സ്കൂളിന് സമീപം വണ്ടാഴവിള വീട്ടില്‍ നിസാര്‍(31) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
പണംനല്‍കാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നു സംഘമെന്നും ദാരിദ്ര്യം മൂലമാണ് ഇതില്‍ അകപ്പെട്ടതെന്നും ഇര്‍ഷയും ജസീലയും അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിവ്. ഇവരില്‍ ഒരാള്‍ക്ക്് 500 രൂപ വണ്ടികൂലിക്ക് നല്‍കുകമാത്രമാണ് ചെയ്തത്. മറ്റൊരാള്‍ക്ക് 4000 രൂപ അക്കൗണ്ടില്‍ ഇട്ടതായും പോലീസിന് വിവരം ലഭിച്ചു. കൂടുതല്‍പേരെ സംഘം കബളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്കുമാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ നാസറി(50)നെയാണ് സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് 65000 രൂപ തട്ടിയെടുത്തത്. സംഘത്തില്‍പ്പെട്ട യുവാവ് നാസറിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ഇഷയ്ക്ക് നല്‍കുകയും ഇവര്‍ നാസറിനെ നിരന്തരം വിളിച്ച് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രലോഭനത്തില്‍പ്പെട്ട നാസറിനെ ഇഷ മറ്റ് പ്രതികള്‍ പറഞ്ഞതുപ്രകാരം കൊല്ലത്തേക്ക് വിളിച്ചുവരുത്തുകയും നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ ദമ്പതികളെന്ന വ്യാജേന മുറിയെടുക്കുകയും ചെയ്തു.
ഇരുവരും മുറിയില്‍ ഒരുമിച്ച് കഴിയവെ രാത്രി 10.30ഓടെ രോഹിത്‌രാജ്, അഷറഫ്, അജിത്ത്, നിസാര്‍ എന്നിവര്‍ മുറിയിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് നാസറിനെ മര്‍ദിച്ച് അവശനാക്കിയശേഷം 15500 രൂപയും എടിഎം കാര്‍ഡും കൈക്കലാക്കുകയും ചെയ്തു. പിന്നീട് നാസറിനെ യുവതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തിയ ശേഷം ഫോട്ടോ യും വീഡിയോയും എടുക്കുകയും ചെയ്തു. ഏഴാം പ്രതി അഷറഫ് നാസറിന്റെ കഴുത്തിന് നേരേ കത്തി കാട്ടി എടിഎം കാര്‍ഡിന്റെ രഹസ്യകോഡ് നമ്പര്‍ പറയിപ്പിച്ചു. തുടര്‍ന്ന് അഷറഫ് മുറിയില്‍ നിന്നും പുറത്തിറങ്ങി പുറത്തു കാത്തുനിന്ന മറ്റ് പ്രതികളുമായി സമീപത്തെ ഫെഡറല്‍ബാങ്കിന്റെയും ഇന്ത്യന്‍ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പണം എടുക്കുകയും ചെയ്തു.
വീണ്ടും മുറിയിലെത്തിയ പ്രതികള്‍ 50 ലക്ഷം രൂപ കൂടി തരണമെന്നും ഇല്ലെങ്കില്‍ നഗ്‌ന ചിത്രങ്ങളും വീഡിയോയും പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുമായി സംഘം അവിടെ നിന്നും രക്ഷപെടുകയായിരുന്നു. അടുത്ത ദിവസം മുതല്‍ പ്രതികള്‍ നാസറിനെ നിരന്തരം ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണം ഭാര്യ മനസിലാക്കിയതോടെ പിന്നീട് സംഭവം നാസറിന് വീട്ടുകാരോട് പറയേണ്ടിവന്നു. തുടര്‍ന്ന് നാസറിന്റെ സഹോദരനാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ഏഴിന് പരാതി നല്‍കിയത്. ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ്കുടുങ്ങിയത്. നാസറിനെകൊണ്ട് പ്രതികളോട് ആവശ്യപ്പെട്ട പണം തരാമെന്ന് പറയുകയും നേരിട്ടെത്തിയ പ്രതികളെ കാത്തുനിന്ന പോലീസ് പിടികൂടുകയുമായിരുന്നു.
നാസര്‍ നടത്തിവന്ന ബാലരാമപുരത്തുള്ള വ്യാപാരശാലയിലെ ജീവനക്കാരനാണ് ഒന്നാം പ്രതി ജയലാല്‍. ജയലാലിന്റെ കാമുകിയോട് നാസര്‍ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ഇങ്ങനെയൊരു ബ്ലാക്ക് മെയിലിംഗിന് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിന് വേണ്ടി മൂന്നാംപ്രതി അബ്ദുല്‍സലാമിന്റെ പരിചയക്കാരിയായ ജസീല വഴിയാണ് ഇഷയെ ബ്ലാക്ക്‌മെയിലിംഗിന് ഉപയോഗിച്ചതത്രെ. ഭര്‍ത്താവ് ഉപേക്ഷിച്ച ഇഷയ്‌ക്കൊപ്പം തന്റെ കുട്ടിയുമുണ്ടായിരുന്നു. ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ജസീലയാണ് മറ്റൊരു മുറിയില്‍ കുട്ടിയെ നോക്കിയത്.