പാലക്കാട്: പോലിസ് കൃത്യമായി ജോലി നിര്‍വഹിക്കാതിരുന്നാല്‍ തങ്ങള്‍ അതേറ്റെടുക്കുമെന്നു പി.കെ.ശശി എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നെല്ലായയില്‍ പോലിസിനെ ശാസിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് നിഷ്ക്രിയമായി അക്രമങ്ങള്‍ നോക്കിനില്‍ക്കുന്ന സമീപനം സ്വീകരിച്ചതാണ് നെല്ലായയില്‍ ആര്‍എസ്എസ് അതിക്രമങ്ങള്‍ക്കു വഴിവച്ചത്. പോലിസ് അനങ്ങാതെ ആര്‍എസ്എസിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് ചെയ്തത്. പോലിസ് ജോലി നിര്‍വഹിക്കാതിരുന്നാല്‍ എംഎല്‍എ എന്ന രീതിയില്‍ സിപിഎമ്മുകാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടിവരുമെന്നു ശശി വ്യക്തമാക്കി.
20നു രാവിലെ 10 ന് ചെര്‍പ്പുളശേരിയില്‍ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും സര്‍വകക്ഷിയോഗം ചേരുമെന്നും എംഎല്‍എ അറിയിച്ചു. നെല്ലായയിലെ അക്രമസംഭവത്തിലെ പ്രതികളെ കാമറയില്‍ പകര്‍ത്തുന്നതിനിടെ ഒറ്റപ്പാലം കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിക്കാനിടയായ സാഹചര്യം സൃഷ്ടിച്ചതു പോലിസിന്റെ നിഷ്ക്രിയത്വമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു.
അറസ്റ്റിലായവരുടെ ബന്ധുക്കളാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതെന്ന ബിജെപിയുടെ വാദമാണ് ഇന്നലെത്തെ അറസ്റ്റോടെ പൊളിഞ്ഞത്. പ്രതികളില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ആണ്. മറ്റൊരാള്‍ എഴുവന്തലയിലെ സജീവ ബിജെപി പ്രവര്‍ത്തകനാണ്. അങ്ങനെയിരിക്കേ പ്രതികളുടെ ബന്ധുക്കളാണ് അക്രമത്തിനു പിന്നിലെന്നു പറഞ്ഞ ബിജെപി ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കണം. പരിശീലനം നല്‍കിയ ആര്‍എസ്എസ് നേതാക്കളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച് ബോധപൂര്‍വം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്.
കേരളത്തിലെ ഭരണമാറ്റം പല പോലിസുകാരും അറിഞ്ഞിട്ടില്ലെന്നതാണ് ചെര്‍പ്പുളശേരിയിലെ പോലിസിനെ സംബന്ധിച്ച് മനസിലാകുന്നത്. പോലിസ് സര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. കോണ്‍ഗ്രസ് എല്ലാ കാലത്തും ആര്‍എസ്എസിനെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ.വി.സുഭാഷും പങ്കെടുത്തു.