അഞ്ചലില്‍ ഇടിമിന്നല്‍: വീടുകള്‍ക്ക് നാശം

KLM-MINNALഅഞ്ചല്‍: കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലില്‍ അഞ്ചല്‍, കടയ്ക്കല്‍ മേഖലകളിലെ നിരവധിവീടുകള്‍ക്ക് നാശമുണ്ടായി. തൃക്കണ്ണാപുരം കിഴക്കുംകരപുത്തന്‍വീട്ടില്‍ ശിവശങ്കരപ്പിള്ളയുടെ വീട്ടില്‍ ഇടിമിന്നലേറ്റ് വൈദ്യുതോപകരണങ്ങള്‍ നശിച്ചു. ബള്‍ബുകള്‍ പൊട്ടിത്തെറിക്കുകയും വയറിംഗുകള്‍ക്കും കേടുപാട് സംഭവിച്ചു. വീട്ടിലെ വയറിംഗിന് തീപിടിച്ച് മറ്റ് വൈദ്യുതോപകരണങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നെന്ന് ശിവശങ്കരന്‍പിള്ള പറഞ്ഞു.

ചണ്ണപ്പേട്ട താഴേമീന്‍കുളം തെക്കുംകരപുത്തന്‍വീട്ടില്‍ ഗീതാകുമാരിയുടെ വീടിന്റെ ഭിത്തികള്‍ മിന്നലേറ്റ് തകര്‍ന്നു. വൈദ്യുതോപകരണങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ട്. സംഭവസമയം മകന്‍ ശ്യാം രാജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മിന്നലുണ്ടായപ്പോള്‍ റൂമിലെ ബള്‍ബ് പൊട്ടിതെറിച്ചെന്നും വലിയശബ്ദം കേട്ട് ഭയന്നുപോയ താന്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് ഹാളിലെ ഭിത്തികള്‍ പൊട്ടിമാറിയതായി ശ്രദ്ധയില്‍പെട്ടതെന്നും ശ്യാംരാജ് പറഞ്ഞു.

വീട്ടിലെ വയറിംഗും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും.കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റ് ആയൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയുമുണ്ടായി. മഴയ്‌ക്കൊപ്പവും അല്ലാതെയും അപ്രതീക്ഷിതമായുണ്ടാകുന്ന ഇടിമിന്നലില്‍ ഏറെ പരിഭ്രാന്തരായിരിക്കുകയാണ് നാട്ടുകാര്‍.

Related posts