അടിയോടടി…

SP-ADIYODADIലണ്ടന്‍: തൃശൂര്‍ പൂരം കഴിഞ്ഞിറങ്ങിയ അതേ പ്രതീതിയിലായിരുന്നു ടെന്റ് ബ്രിഡ്ജ് ഗ്രൗണ്ടില്‍ നിന്നും നോട്ടിംഗ്ഹാംഷയര്‍ -നോര്‍ത്താംപ്ടണ്‍ഷയര്‍ മത്സരം കണ്ടിറങ്ങിയ ആരാധകര്‍. റോയല്‍ ലണ്ടന്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത് നോട്ടിംഗ്ഹാംഷയര്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 445 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്താംപ്ടണ്‍ഷയര്‍ തിരിച്ചടിച്ചതോടെ സിക്‌സറുകളും ബൗണ്ടറികളും സ്റ്റേഡിയത്തിന്റെ തലങ്ങും വിലങ്ങും പാഞ്ഞു. ഇരു ടീമുംകൂടി 35 സിക്‌സറുകളാണ് പറത്തിയത്. അവസാനം വിജയത്തിന് 25 റണ്‍സ് അകലെ നോര്‍ത്താംപ്ടണ്‍ഷയര്‍ വീണപ്പോള്‍ പുതിയ ചരിത്രം പിറക്കുകയായിരുന്നു.

നോട്ടിംഗ്ഹാംഷയറിന്റെ ഓപ്പണര്‍മാരായിറങ്ങിയ മൈക്കല്‍ ലംബും റിക്കി വെസല്‍സും തമ്മിലുള്ള കൂട്ടുകെട്ടു പിരിഞ്ഞത് ടീം സ്‌കോര്‍ 342ല്‍. പഴങ്കഥയായത് 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ടോണ്ടനില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്-സൗരവ് ഗാംഗുലി സഖ്യം നേടിയ 318 റണ്‍സ്. കൂടാതെ ഇംഗ്ലണ്ടില്‍ ഒരു ലിസ്റ്റ്-എ മത്സരത്തില്‍ ആകെ പിറക്കുന്ന റണ്‍സിന്റെ കാര്യത്തിലും മത്സരം ചരിത്രത്തില്‍ ഇടം പിടിച്ചു മത്സരത്തില്‍ ഇരുടീമും ചേര്‍ന്നു നേടിയത് 870 റണ്‍സാണ്. 2002ല്‍ സറേയും-ഗ്ലാമര്‍ഗന്‍ പോരാട്ടത്തിനേക്കാള്‍ മൂന്നു റണ്‍സ് അധികം.

നോട്ടിംഗ്ഹാമിനായി മൈക്കല്‍ ലംബും(184) റിക്കി വെസല്‍സും(146) സെഞ്ചുറി നേടിയപ്പോള്‍ നോര്‍ത്താംപ്ടണു വേണ്ടി റോറി ക്ലീന്‍വെല്‍ഡ്(128) മൂന്നക്കം കണ്ടു. ലിസ്റ്റ്-എ മത്സരത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണ് നോട്ടിംഗ്ഹാം നേടിയത്. 2007ല്‍ ഗ്ലസ്റ്റര്‍ഷയറിനെതിരേ സറേ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 496 റണ്‍സാണ് ഏറ്റവും ഉയര്‍ന്നത്. ഏതു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടുകളിലും രണ്ടാമതാണ് നോട്ടിംഗ്ഹാം കുറിച്ച 342 റണ്‍സ്. 2015 ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍-മര്‍ലോണ്‍ സാമുവല്‍സ് സഖ്യം നേടിയ 372 റണ്‍സാണ് ഒന്നാമത്.

Related posts