അടൂര്‍: അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ ്സ്ഥാനാര്‍ഥി കെ.കെ. ഷാജുവിന്റെ ഭാര്യ സീമ ഷാജുവും നാമനിര്‍ദേശപത്രിക നല്‍കി. സംവരണ മണ്ഡലമായ അടൂരില്‍ മത്സരിക്കുന്ന ഷാജുവിന്റെ ജാതി ചോദ്യം ചെയ്തു ചില സംഘടനകള്‍ രംഗത്തുവരികയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഭാര്യ കൂടി പത്രിക നല്‍കിയിരിക്കുന്നതെന്നു പറയുന്നു. സ്വതന്ത്രയായിട്ടാണ് സീമ പത്രിക നല്‍കിയിരിക്കുന്നത്. ഷാജുവിനു ഡമ്മിയായി കോണ്‍ഗ്രസില്‍ നിന്നാരും പത്രിക നല്‍കിയിരുന്നില്ല. ഭാര്യ മത്സരരംഗത്തുണ്ടാകില്ലെന്ന് ഷാജു പറഞ്ഞു.
ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അടൂര്‍ മോഹന്‍ദാസും അടൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കി. ഉച്ചകഴിഞ്ഞാണ് അടൂര്‍ മോഹന്‍ദാസും പത്രിക നല്‍കിയത്. ഷാജുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നേരത്തെതന്നെ അടൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡംഗം കെ.വി. പത്മനാഭന്‍ വിമതനായി മത്സരിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയേ തുടര്‍ന്ന് അദ്ദേഹം നാമനിര്‍ദേശപത്രിക നല്‍കിയിട്ടില്ല.