ചെന്നൈ: കരൂരിൽ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലധികം ആളുകളെന്ന് പോലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് ടിവികെ ഭാരവാഹികള് അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം ആളുകളാണ് റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ പത്തു മുതൽ ആളുകള് എത്തിത്തുടങ്ങിയിരുന്നു. 500 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികള് അറിയിച്ചിരുന്നത്. അതുകൊണ്ട്തന്നെ 15000 മുതൽ 20000 പേരെയാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്.
സംഘാടകർ അറിയിച്ച കണക്ക് പ്രകാരം ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിരുന്നു എന്നാൽ സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം റാലികള്ക്ക് ആവശ്യമായ എല്ലാ സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. 25000 മുതൽ 30000ത്തിനടുത്ത് ആളുകള് എത്തിയെന്നാണ് കണക്കുകൂട്ടുന്നത്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള് വിജയിയുടെ വാഹനം പിന്തുടരുന്നത് തിക്കും തിരക്കും കൂടാൻ കാരണമായി. ആളുകള് സ്ഥലത്ത് നിന്ന് പോകാതെ മുന്നോട്ട് നീങ്ങിയതും പ്രശ്നമുണ്ടാക്കിയെന്നും എഡിജിപി കൂട്ടിച്ചേർത്തു. ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.