അട്ടപ്പാടിയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു; ഗതാഗത തടസവും തുടങ്ങി

PKD-ATTAPADIഅഗളി: അട്ടപ്പാടിയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ ഗതാഗതതടസവും വൈദ്യുതി മുടക്കവും പതിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കല്‍ക്കണ്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു സമീപം മണ്ണാര്‍ക്കാട്- ആനക്കട്ടി പ്രധാന പാതയില്‍ മുളങ്കൂട്ടം കടപുഴകി വീണ് രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി.മണ്ണാര്‍ക്കാട്ട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും അഗളി പോലീസും നാട്ടുകാരും ചേര്‍ന്ന് മുളങ്കൂട്ടം വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പതിനൊന്ന് കെവി വൈദ്യുതി ലൈനിലേക്കു മുളങ്കൂട്ടം വീണ് രണ്ട് പോസ്റ്റുകളും ലൈനും പൊട്ടിവീണു.

ഇതേതുടര്‍ന്ന് കള്ളമല, കല്‍ക്കണ്ടി, മുക്കാലി, ചിണ്ടക്കി, ചിന്നപ്പറമ്പ് പ്രദേശങ്ങള്‍ അന്ധകാരത്തിലായി. ഇന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്നു കെഎസ്ഇബി അറിയിച്ചു. ഇതുമൂലം 80,000 രൂപയുടെ നഷ്ടമുണ്ടായതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. കാരറ, ജെല്ലിപ്പാറ, കുറുക്കന്‍കുണ്ട്, ഗൂളിക്കടവ്, പെട്ടിക്കല്‍, ചിറ്റൂര്‍, പുലിയറ പ്രദേശങ്ങളില്‍ രണ്ടുദിവസമായി വൈദ്യുതി മുടക്കമുണ്ട്. പാടവയലില്‍ രണ്ടു ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി. പോത്തുപ്പാടിയിലേക്കു വൈദ്യുതി നിലച്ചിരിക്കുകയാണ്. മഴ ശക്തിപ്രാപിച്ചതോടെ ഉള്‍പ്രദേശങ്ങളില്‍ മരംവീണും മണ്ണിടിഞ്ഞും യാത്രാദുരിതം രൂക്ഷമായി.

Related posts