അതിയന്നൂര്‍ ഗവ.യുപി സ്കൂളിലെ കുട്ടികള്‍ ചോദിക്കുന്നു: ഞങ്ങള്‍ക്ക് ഹിന്ദി പഠിക്കേണ്ടേ…?

TVM-HINDIനെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഗവ. യുപി സ്കൂളില്‍ കഴിഞ്ഞ എട്ടു മാസത്തോളമായി ഹിന്ദി അധ്യാപകന്റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. നെയ്യാറ്റിന്‍കര താലൂക്കിലെ മികച്ച യുപി സ്കൂളുകളിലൊന്നായ അതിയന്നൂര്‍ ഗവ. യുപി സ്കൂളില്‍ ഇക്കഴിഞ്ഞ വര്‍ഷം ജൂലൈ 28 മുതലാണ് ഹിന്ദി അധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. നേരത്തെയുണ്ടായിരുന്ന  അധ്യാപകന്‍ ജൂലൈ 28 ന് സ്ഥലംമാറി പോയി.

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അധ്യാപകരില്ലെന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളതത്രെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിലെ ബഹുഭൂരിപക്ഷവും. അതുകൊണ്ട് പിടിഎ ഫണ്ട് ഉപയോഗിച്ച് ഒരു താത്കാലിക അധ്യാപകന്റെ സേവനം പ്രയോജനപ്പെടുത്താനുള്ള ശേഷിയുമില്ല.

സ്കൂളിനു സമീപത്തെ ഒരു ഹിന്ദി അധ്യാപികയുടെ സേവനം കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന ആശ്വാസത്തിലാണ് സ്കൂള്‍ അധികൃതര്‍. പക്ഷെ, അവര്‍ക്ക് യാതൊരു വിധത്തിലുള്ള വേതനവും നല്‍കാന്‍ നിലവിലുള്ള അവസ്ഥ അനുസരിച്ച് ഈ സ്കൂളിനു കഴിയുന്നുമില്ല. ചുരുക്കത്തില്‍,  ഹിന്ദി അധ്യാപിക എന്ന നിലയില്‍ അവര്‍ സന്നദ്ധസേവനമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ   രൂപം കൊണ്ട വിദ്യാലയമാണ് അതിയന്നൂരിലെ ഈ സര്‍ക്കാര്‍ സ്കൂള്‍. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന സ്കൂള്‍ ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലാണ് ഉള്‍പ്പെടുന്നത്.

Related posts