അതിരമ്പുഴയിലെ മോഷണം; പിന്നില്‍ പ്രഫഷണല്‍ മോഷ്ടാക്കളെന്നു സംശയം

EKM-THIEFകോട്ടയം: അതിരമ്പുഴയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും അടക്കം 4.75 ലക്ഷം രൂപയുടെ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷണലുകളായ മോഷ്ടാക്കളെന്നു സംശയം. മോഷണ രീതികള്‍ പരിശോധിച്ച പോലീസ് ആണ് പ്രഫഷണല്‍ ആകാന്‍ സാധ്യതയുള്ളതായി വ്യക്തമാക്കിയത്.മുന്‍ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വൈകാതെ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനായ അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 18.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 18,000 രൂപ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയാണു മോഷ്ടാവ് കവര്‍ന്നത്. 4.75 ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. വീടിനുള്ളില്‍ നിന്നും ലഭിച്ച രണ്ടു ഫിംഗര്‍പ്രിന്റുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ എല്ലാ മോഷ്ടാക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഏറ്റുമാനൂര്‍ സിഐ സി.ജെ മാര്‍ട്ടിന്‍, എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണം നടന്ന ദിവസം ഫൊറന്‍സിക് വിഭാഗവും ഡോഗ്‌സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.

Related posts