അത്തച്ചമയ ഘോഷയാത്രയോടെ അക്ഷരനഗരി ഓണാഘോഷത്തിലേക്ക്

ktm-athamകോട്ടയം: വര്‍ണാഭമായ അത്തച്ചമയ ഘോഷയാത്രയോടെ അക്ഷരനഗരി ഓണാഘോഷത്തിലേക്ക്.    ഇന്നലെ വൈകുന്നേരം നടത്തിയ ഘോഷയാത്ര വീക്ഷിക്കുന്നതിനായി വഴിയോരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ കാത്തു നിന്നിരുന്നു.  തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയ ഘോഷയാത്രയിലെ കലാകാരന്‍മാര്‍ അതേ വേഷവിധാനങ്ങളോടെ  കോട്ടയത്തു നടന്ന ഘോഷയാത്രയിലും പങ്കുചേര്‍ന്നു. ഘോഷയാത്രയുടെ ഏറ്റവും മുമ്പില്‍ നഗരവാസികള്‍ക്ക് ആശംസകളുമായി മാവേലി മുമ്പേ നടന്നു.  പുലികളിയും കോല്‍ക്കളിയും ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു.

പുലികളി, തെയ്യം കലാരൂപങ്ങള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാന്റ് സെറ്റ്, പാളപ്പടയണി, യക്ഷിക്കോലങ്ങള്‍, മറുതക്കോലങ്ങള്‍, രാധാകൃഷ്ണനൃത്തം, അര്‍ജുനനൃത്തം, അര്‍ധനാരീശ്വര നൃത്തം, മയിലാട്ടം, ഗരുഡന്‍, നാസിക്‌ധോല്‍, മാവേലിവേഷങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ് എന്നിവ ഘോഷയാത്രയില്‍ അണിനിരന്നിരുന്നു.  മാനാട്ടം, ഒപ്പന, തിരുവാതിര ദൃശ്യങ്ങളും വര്‍ണകാഴ്ചയായി.  കഥകളി ഉള്‍പ്പെടെയുള്ള സാം സ്കാരികദൃശ്യങ്ങളും പുതുമയായി.  സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു സ്കൂള്‍ വിദ്യാര്‍ഥികളും ഫ്‌ളോട്ടുകള്‍ അവതരിപ്പിച്ചു. കലാരൂപ ചമയത്തില്‍ വിസ്മയമൊരുക്കുന്ന ഗുരുവായൂര്‍ സൗപര്‍ണികയിലെ കലാകാരന്‍മാര്‍ ആദ്യമായി കോട്ടയത്ത് അവതരിപ്പിച്ച വിസ്മയ പ്രകടനങ്ങളും കാഴ്ചക്കാര്‍ക്കു നവ്യാനുഭവം സമ്മാനിച്ചു.

മന്നം സാംസ്കാരിക സമിതിയുടെയും കോട്ടയം നഗരസഭയുടെയും കോട്ടയം പ്രസ് ക്ലബിന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിലാണു അത്തച്ചമയ ഘോഷയാത്രയില്‍ സംഘടിപ്പിച്ചത്. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ഓണ വിളംബര സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.  എന്‍.  വാസവന്‍ അധ്യക്ഷത വഹിച്ചു. അത്ത പതാക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മന്നം സാംസ്കാരിക സമിതി പ്രസിഡന്റ് എസ് ജയകൃഷ്ണനു കൈമാറി. സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ കളക്ടര്‍ സി.  എ. ലത, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന,  പി. ബാലകൃഷ്ണപിള്ള, ടി. സി. ഗണേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts