മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തിന് അലിയന്‍സ് അരീന ഒരുങ്ങി. കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌റ്റേഡിയം വിസന്റെ കാല്‍ഡെറോണിലേറ്റ തോല്‍വിക്കു പകരം വീട്ടി ഫൈനലിലെത്താനായാണ് ബയേണ്‍ സ്വന്തം കാണികളുടെ മുന്നിലെത്തുന്നത്. അത്‌ലറ്റിക്കോയാണെങ്കില്‍ ആദ്യപാദത്തില്‍ നേടിയ ഒരു ഗോളിന്റെ ലീഡ് ഉയര്‍ത്തി രണ്ടു വര്‍ഷം മുമ്പത്തേതുപോലെ ഒരു ഫൈനല്‍ പ്രവേശനത്തിനുമാണ് എത്തുന്നത്. ആദ്യപാദത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്ന കാര്യത്തിലും മുന്നില്‍ നിന്ന ബയേണ്‍ മ്യൂണിക് പക്ഷേ തോറ്റു.
സൗള്‍ നിഗ്വെസ് നേടിയ മനോഹരമായ ഗോളാണ് ബവേറിയന്‍സ് എന്ന വിളിപ്പേരുള്ള ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്തുകളഞ്ഞത്. ഒരു ലീഡ് മാത്രമാണ് മുന്നിലുള്ളതെന്നത് പെപ് ഗാര്‍ഡിയോളയുടെ ടീമിന് ആശ്വാസം നല്‍കുന്നു. അത്ര എളുപ്പമായിരിക്കില്ല ബയേണിന്റെ ഗ്രൗണ്ടില്‍ അത്‌ലറ്റിക്കോയുടെ പോരാട്ടം. പതിനൊന്ന് ബയേണ്‍ താരങ്ങള്‍ക്കു പുറമെ എഴുപതിനായിരത്തിലേറെ വരുന്ന ബവേറിയന്‍ ആരാധകര്‍ക്കെതിരെ കൂടിയാണ് ഡിയേഗോ സിമിയോണിയുടെ ടീം പൊരുതേണ്ടത്. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമുള്ള അത്‌ലറ്റികോയുടെ ഗോള്‍ മുഖത്ത് നിരന്തരം ഭീഷണിയാകാന്‍ ബയേണിനായെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. പ്രതിരോധം അല്ലെങ്കില്‍ ഗോള്‍ കീപ്പര്‍ യാന്‍ ഒബ്ലാക് ബയേണിന് പ്രതിബന്ധമായി കോട്ട തീര്‍ത്തു.
അത്‌ലറ്റിക്കോയില്‍നിന്നേറ്റ തോല്‍വിക്കുശേഷം ബയേണിന് ജയത്തോടെ രണ്ടാം പാദ സെമിയില്‍ ഇറങ്ങാനുള്ള അവസരം ലഭിച്ചില്ല. ബുണേ്ടസ് ലീഗയില്‍ സ്വന്തം ഗ്രൗണ്ടില്‍ ബൊറൂസിയ മോണ്‍ചെന്‍ഗ്ലഡ്ബാഷ് 1-1ന സമനിലയില്‍ തളച്ചു. ഈ സമനില ബയേണിനു ബുണേ്ടസ് ലീഗ് ചാമ്പ്യനാകാനുള്ള കാത്തിരിപ്പ് നീട്ടി. അത്‌ലറ്റികോയാണെങ്കില്‍ ലാ ലിഗയില്‍ ജയം തുടരുകയും ചെയ്തുകൊണ്ട് മികച്ച ആത്മവിശ്വാസത്തിലാണ്. ഡിയോഗോ സിമിയോണിയുടെ ടീമിന്റെ വല കഴിഞ്ഞ ആറു മത്സരത്തിലും കുലുങ്ങിയിട്ടുമില്ല.
രണ്ടാം പാദം ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ബയേണിനുണ്ട്. ചാമ്പ്യന്‍സ് ലീഗിന്റെ കഴിഞ്ഞ പതിനൊന്നു ഹോം മത്സരങ്ങളില്‍ ബാവേറിയന്‍സ് തോല്‍വി അറിഞ്ഞിട്ടില്ല. 41 തവണ ബയേണ്‍ എതിര്‍വല കുലുക്കിയത്. ആറു പ്രാവശ്യം മാത്രമേ എതിരാളികള്‍ക്ക് ബയേണിന്റെ വലയില്‍ പന്തെത്തിക്കാനായുള്ളു. ഇതിനു മുമ്പ് ബയേണിനെ അലയന്‍സ് അരീനയില്‍ തോല്‍പ്പിച്ച് ഫൈനല്‍ പ്രവേശനം തടഞ്ഞ ടീമും മാഡ്രിഡില്‍നിന്നുള്ള റയല്‍ ആയിരുന്നു. 2014 ഏപ്രിലില്‍ റയല്‍ 4-0ന് വിജയിച്ചു, അതായിരുന്നു ബയേണ്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം ഗ്രൗണ്ടില്‍ തോറ്റ് അവസാന മത്സരവും. കഴിഞ്ഞ രണ്ടു സീസണിലും സെമിയിലെത്തിയ ബയേണിനെ തോല്‍പ്പിച്ചതും രണ്ടു സ്പാനിഷ് ക്ലബ്ബുകളായിരുന്നു (റയല്‍ മാഡ്രിഡ്-2013-14, ബാഴ്‌സലോണ -2014-15). അതുകൊണ്ട് തുടര്‍ച്ചയായ മൂന്നാം സീസണിലും സ്പാനിഷ് ടീമില്‍നിന്ന് തോല്‍വിയേറ്റ് പുറത്തുപോകാന്‍ ബയേണ്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.
ഈ സീസണുമുമ്പ് ബയേണും അത്‌ലറ്റിക്കോയും ഏറ്റുമുട്ടിയത് 1973-74 സീസണിലെ യൂറോപ്യന്‍ കപ്പ് ഫൈനലിലായിരുന്നു. അന്ന് ഫൈനലില്‍ 1-1ന് സമനിലയായപ്പോള്‍ റിപ്ലേ മത്സരത്തില്‍ ബയേണ്‍ 4-0ന് ജയിച്ചിരുന്നു.ആദ്യപാദത്തില്‍ തോമസ് മ്യൂളറെ ഗാര്‍ഡിയോള ഇറക്കിയിരുന്നില്ല. പകരക്കാനായി ഇറക്കിയെങ്കിലും കളിയില്‍ മാറ്റമൊന്നുമുണ്ടാക്കാനും മ്യൂളര്‍ക്കായില്ല. മധ്യഭാഗത്ത് പന്ത് യഥേഷ്ടം നീങ്ങിയെങ്കിലും ഏക സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവസ്്കി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മ്യൂളര്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ മാറുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബയേണിന്റെ കരുത്ത് വിംഗര്‍മാരിലായിരുന്നു. ഈ വര്‍ഷം മധ്യ സ്‌ട്രൈര്‍ക്കറാണ് ടീമിന്റെ പ്രധാനി. മ്യൂളര്‍-ലെവന്‍ഡോസ്കി സഖ്യമാണ് ടീമിന്റെ പ്രധാനികള്‍. ഇരുവരും ഇതുവരെ പല മത്സരങ്ങളിലുമായി ആകെ 70 ഗോളാണ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ മ്യൂളറെ പുറത്തിരുത്തി ഗാര്‍ഡിയോള മണ്ടത്തരം കാണിക്കില്ലെന്ന് പ്രതീക്ഷിക്കാം. മികച്ച പ്രതിരോധമുള്ള അത്‌ലറ്റിക്കോയുടെ വല കുലുക്കണമെങ്കില്‍ ലെവന്‍ഡോസ്കിക്കൊപ്പം മ്യൂളറും കൂടി ചേരണം.
ബയേണിന്റെ ഗ്രൗണ്ടില്‍ ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്ത് എവേ ഗ്രൗണ്ടില്‍ ലീഡ് ഉയര്‍ത്തുകയാണ് അത്‌ലറ്റിക്കോ ലക്ഷ്യംവയ്ക്കുന്നത്. ആദ്യപാദത്തില്‍ അത്‌ലറ്റികോയ്ക്കു ലീഡ് നേടാന്‍ ലഭിച്ച അവസരം കളഞ്ഞു കുളിച്ചു. സ്വന്തം ഗ്രൗണ്ടില്‍ വളരെ ശക്തരാകുന്ന ബയേണ്‍ കളി പുറത്തെടുക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അവരെ തടഞ്ഞുനിര്‍ത്തുക അത്‌ലറ്റികോയ്ക്ക് അത്ര എളുപ്പമാകില്ല. ഇന്നത്തെത്തേത് വ്യത്യസ്തമായ ഒരു മത്സരമായിരിക്കും ഞങ്ങള്‍ അത് ഏറ്റവും മികച്ചതാക്കും. -ഗാര്‍ഡിയോള പറയുന്നു.