അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്റെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് കലർത്തിയിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം.
പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പും ഗുണനിലവാരം കുറഞ്ഞ വസ്തുക്കളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു പരിപാടിക്കിടെ നായിഡു പറഞ്ഞു. എന്നാൽ ഇപ്പോൾ, പ്രസാദത്തിൽ യഥാർഥ നെയ്യ്, ശുചിത്വം, നല്ല ഗുണമേന്മ എന്നിവ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുമല പ്രസാദത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു നടത്തിയ പരാമർശം വളരെ വിലകുറഞ്ഞതാണെന്നും മനുഷ്യനായി ജനിച്ച ഒരു വ്യക്തിയും അത്തരം വാക്കുകൾ സംസാരിക്കുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ലെന്നും ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു. ഭക്തരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഞാനും എന്റെ കുടുംബവും തിരുമല പ്രസാദത്തിന്റെ കാര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയാറാണ്. ചന്ദ്രബാബുവും കുടുംബത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ തയാറാണോയെന്നു ജഗൻമോഹൻ ചോദിച്ചു.