ആലത്തൂര്‍: ഗ്രാമപഞ്ചായത്തും സിഡിഎസും സംസ്ഥാന കുടുംബശ്രീ മിഷനും അംഗീകരിച്ചു ആശ്രയപദ്ധതിയില്‍ അനുവദിച്ച വീടുനല്‍കാതെ കഷ്ടപ്പെടുത്തുന്നത് ചോദ്യംചെയ്ത വീട്ടമ്മയെ സിഡിഎസ് ചെയര്‍പേഴ്സണ്‍ മര്‍ദിച്ചതായി പരാതി. തോണിപ്പാടം മരുതക്കോട്ടില്‍ ഷെറീന (29)യ്ക്കാണ് വെള്ളിയാഴ്ച മര്‍ദനമേറ്റത്. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജമീല കൈയറ്റം ചെയ്തതായാണ് ഷെറീനയുടെ പരാതി. പരിക്കേറ്റ ഷെറീനയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
ഷെറീനയും മക്കളും റോഡില്‍ കിടന്നു കരയുന്ന ശബ്ദംകേട്ട് ഓടിയെത്തിയ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റംലത്ത് കുടുംബശ്രീ ഓഫിസില്‍ ചെന്ന് കാര്യം അന്വേഷിച്ചപ്പോള്‍ അവരെയും ചെയര്‍പേഴ്സണ്‍ ജമീല അപമാനിച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് റംലത്തും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഴുമാസം മുമ്പ് അനുവദിച്ച വീടിന്റെ നിര്‍മാണ സംഖ്യയുടെ ചെക്ക് നല്‍കാതെ കുടുംബശ്രീ കഷ്ടപ്പെടുത്തുന്നുവെന്ന പരാതിയുമായാണ് ഷെറീന കുടുംബശ്രീ ഓഫീസിലെത്തിയതും തുടര്‍ന്ന് ജമീലയുടെ കൈയേറ്റത്തിന് ഇരയായതും.