അന്തര്‍ സംസ്ഥാന വാഹനമോഷണം: ഒന്നാം പ്രതി പോലീസില്‍ കീഴടങ്ങി

KTM-ARRESTMOSHTAVUതൊടുപുഴ: അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘത്തിലെ ഒന്നാം പ്രതി തൊടുപുഴ പോലീസില്‍ കീഴടങ്ങി. ഉടുമ്പന്നൂര്‍ എറമ്പത്ത് ഷെഫീക്ക്(28) ആണ് ഇന്നലെ 12.30 ഓടെ കീഴടങ്ങിയത്. കരിങ്കുന്നം, കാളിയാര്‍, വാഴക്കുളം എന്നിവിടങ്ങളില്‍ നിന്നു പിക്ക്അപ്പ് വാനുകള്‍ മോഷണം പോയ കേസിലാണ് പ്രതി കീഴടങ്ങിയത്. മോഷ്ടിച്ച വാഹനങ്ങള്‍ കോയമ്പത്തൂരില്‍ എത്തിച്ച് പൊളിച്ചു വില്‍ക്കുകയാണ് സംഘം ചെയ്തിരുന്നത്.

മോഷണ സംഘത്തിലെ സണ്ണി, വിഞ്ചു, നാഗരാജ്, രമേഷ്, ശിവശങ്കരപിള്ള എന്നിവരെ മുമ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഘത്തിലെ തമിഴ്‌നാട് സ്വദേശിയെ ഇനിയും പിടികൂടാനായിട്ടില്ല. മോഷണം പോയ വാഹനങ്ങള്‍ പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു. പ്രതിക്ക് വാഗമണ്‍, വയനാട് വൈത്തിരി, കരിമണ്ണൂര്‍, കാളിയാര്‍ എന്നീ സ്റ്റേഷനുകൡ മോഷണ കേസുകളും പാലായില്‍ വഞ്ചനകുറ്റത്തിനും കേസുകളുണ്ട്.

തൊടുപുഴ സിഐ എന്‍.ജി ശ്രീമോന്‍ പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. ഡിവൈഎസ്പി എന്‍.എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് എസ്‌ഐ ടി.ആര്‍ രാജന്‍, എസ്‌ഐ അശോകന്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍, ഷാനവാസ്, ഉബൈദ്, കരിങ്കുന്നം അഡീഷണല്‍ എസ്‌ഐ സി.പി രാജു എന്നിവരാണ് അന്വേഷണസംഘത്തില്‍  ഉണ്ടായിരുന്നത്.

Related posts