ആലപ്പുഴ: നിലവില് സര്ക്കാര് നിശ്ചയിച്ച പ്രകാരം നെല്ലുസംഭരിക്കുന്ന മില്ലുകള്ക്കു പുറമേ കൂടുതലായി കൊയ്തുവച്ചിരിക്കുന്ന നെല്ല് വരുന്ന ചൊവ്വാഴ്ച മുതല് എഫ്സിഐയുമായും സെന്ട്രല് വെയര്ഹൗസിംഗ് കോര്പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി ജി.ആര്. അനില്.
നെല്ലുസംഭരണ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കാനുള്ള നടപടികള് ചര്ച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്ഷകരും സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടന്ന ചര്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. പ്രസാദും ചര്ച്ചയില് പങ്കെടുത്തു.
സെന്ട്രല് വേര്ഹൗസിംഗ് കോര്പറേഷന്റെ ഗോഡൗണുകളില് സംഭരിക്കുന്ന നെല്ല് സൂക്ഷിക്കും. മറ്റ് നടപടികളിലേക്ക് വരും ദിവസങ്ങളില് മുന്നോട്ടുപോവാനും തീരുമാനിച്ചിട്ടുണ്ട്. മില് ഉടമ സംഘടനകളു യായി മുഖ്യമന്ത്രി ഉള്പ്പെടെ ചര്ച്ച ചെയ്തിട്ടും സംഭരണ പ്രവര്ത്തനങ്ങളില് സഹകരിക്കാന് നിരവധി മില്ലുകള് തയാറാകാത്ത സാഹചര്യത്തിലാണ് കര്ഷകരുടെ പ്രയാസം ഒഴിവാക്കുന്നതിനായി മാര്ഗങ്ങള് സര്ക്കാര് ആവിഷ്കരിച്ചത്.
കര്ഷകര് ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം ഇന്നുമുതല് കൊടുത്തു തുടങ്ങും. എഫ്സിഐ സംഭരിച്ചു തുടങ്ങുന്ന നെല്ലിന്റെ വില ഒരാഴ്ചയ്ക്കുള്ളില് സര്ക്കാര് തീരുമാനിച്ച തുകയായ 30 രൂപ നിരക്കില് നല്കാന് പിആര്എസ് വായ്പയുടെ നടപടികള് ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.ആര്. അനില് പറഞ്ഞു.
ഇതിലൂടെ കര്ഷകന്റെ പ്രയാസങ്ങള് അകറ്റാന് കഴിയും. പാലക്കാട് ജില്ലയില് കര്ഷകരും സഹകരണ പ്രസ്ഥാനങ്ങളുമായി ചര്ച്ച നടത്തി സഹകരണപ്രസ്ഥാനത്തിലൂടെ സംഭരിക്കാനുള്ള സാധ്യതകള് ആരായും. ഇതിനായി നാളെ സഹകരണ- തദ്ദേശ സ്വയംഭരണ- വൈദ്യുതി മന്ത്രിമാരുടെ നേതൃത്വത്തില് പാലക്കാട് യോഗം ചേരുന്നുണ്ട്.
ആവശ്യമായ സഹകരണ സംഘങ്ങളെ നെല്ലുസംഭരണത്തില് എത്തിക്കുന്ന കാര്യം കഴിഞ്ഞ മന്ത്രി സഭായോഗം ചര്ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കര്ഷകരുടെ പ്രയാസങ്ങള് അകറ്റാനും സമയബന്ധിതമായി പണം കൊടുക്കാനുമുള്ള തീരുമാനവുമായി സര്ക്കാര് മുന്നോട്ടു പോവുകയാണെന്ന് ജി.ആര്. അനില് പറഞ്ഞു.
നെല്ലുസംഭരിക്കാന് മില്ലുടമകൾ വിമുഖത കാട്ടുന്ന സാഹചര്യത്തില് അതിനെ എങ്ങനെ മറികടക്കാം എന്നതാണ് സര്ക്കാര് ആലോചിച്ചത്. ഈ സാഹചര്യത്തില് മില്ലുടമകളുമായി സപ്ലൈക്കോ കഴിഞ്ഞ ആഴ്ച നടത്തിയ ചര്ച്ചയില് നാല് മില്ലുകള് നെല്ല് സംഭരിക്കാന് തയാറായി വന്നു. 2432 മെട്രിക് ടണ് നെല്ല് കഴിഞ്ഞ മൂന്നു ദിവസമായി സംഭരിച്ചു. ഇന്നും പ്രവര്ത്തനങ്ങള് നടന്നുവരുകയാണ്. പാലക്കാട്, തൃശൂര്, കോട്ടയം, ആലപ്പുഴ ജില്ലകളില് നെല്ലുസംഭരണം തുടരുകയാണ്.
വലിയ പ്രതിസന്ധി കുട്ടനാട്ടില്:മന്ത്രി പി. പ്രസാദ്
സംഭരണത്തില് വലിയ പ്രതിസന്ധി ഉണ്ടായിരുന്നത് കുട്ടനാട്ടിലാണെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. മില്ലുകാര് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരുന്നില്ല. മില്ലുടമകള് അനുകൂല്യങ്ങള് കൂടുതലായി കിട്ടണമെന്നുള്ള നിര്ദേശങ്ങള് വച്ചു.
ഒരിക്കലും അംഗീകരിക്കാന് കഴിയാത്ത അന്യായമായ അവശ്യങ്ങള് ഉയര്ത്തി നെല്ലുസംഭരണത്തെ തന്നെ തകിടംമറിക്കാന് ശ്രമിച്ചു. ഇതിന് ബദല് മാര്ഗം എന്ന ആലോചനയില് പാലക്കാട് കര്ഷകര് നെല്ല് സംഭരിച്ചുവച്ച് പിന്നീടാണ് കൈമാറുന്നത്. അവിടെ ഗ്രീന്സ്ലിപ് കൊടുത്ത് നെല്ല് സംഭരിച്ചുവരുകയാണ്.
തോമസ് കെ. തോമസ് എംഎല്എ, കളക്ടര് അലക്സ് വര്ഗീസ്, സപ്ലൈക്കോ എംഡി വി.എം. ജയകൃഷ്ണന്, സപ്ലൈകോ ജനറല് മാനേജര് അബ്ദുല് ഖാദര്, പാഡ്ഡി മാര്ക്കറ്റിംഗ് ഉദ്യോഗസ്ഥര്, എഫ്സിഐ ഉദ്യോഗസ്ഥര്, സെന്ട്രല് വേര്ഹൗസ് കോര്പറേഷന് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.

