ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ക്യാപ്റ്റനും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റൈഗറും(31) ടെന്നീസ് താരം അന ഇവാനോവിച്ചും (28) വിവാഹിതരായി. 12ന് രാവിലെ 11.30 നാണ് വിവാഹം നടന്നത്. വിവാഹം ഇന്ന് പള്ളിയില്‍വച്ച് ആശീര്‍വദിക്കപ്പെടും. ലോകറാങ്കിംഗില്‍ 25-ാം സ്ഥാനമാണ് അനയ്ക്കുള്ളത്.
ദീര്‍ഘകാലമായി ഇരുവരും കൂട്ടുകാരായിരുന്നു. ഫുട്‌ബോള്‍ താരങ്ങളും കായികലോകത്തെ പ്രമുഖരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ബയേണ്‍ പ്രസിഡന്റ് ഉലി ഹോനസ്, ടെന്നീസ് താരം ആന്‍ഡി മുറെ, ജര്‍മന്‍ ഫുട്‌ബോള്‍ താരം തോമസ് മ്യൂളര്‍, ജര്‍മന്‍ ടെന്നീസ് താരം ആഞ്ജലിക് കെര്‍ബര്‍ തുടങ്ങിയവര്‍ വിവാഹത്തിന് സാക്ഷിയായിരുന്നു. ക്ഷണിക്കപ്പെട്ട എല്ലാവരും ജൂലൈ 11 ന് മ്യൂണിക്ക് എയര്‍പോര്‍ട്ടില്‍ എത്താനായിന്നു നിര്‍ദേശം.
സ്വകാര്യമായി വിമാനം ചാര്‍ട്ട് ചെയ്തു പറന്നാണ് ഷൈ്വനിയുടെ ആഗ്രഹം സഫലമായത്. എന്നാല്‍ ജര്‍മന്‍ ടീം യൂറോ കപ്പ് നേടുമെന്നും വിവാഹദിനത്തില്‍ അള്‍ത്താരയ്ക്കരികെ യൂറോകപ്പും ഉണ്ടാവുമെന്നുമുള്ള ആഗ്രഹം മാത്രം നടന്നില്ല. സെമിഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ആതിഥേയരായ ഫ്രാന്‍സിനോട് ജര്‍മനി തോറ്റിരുന്നു.