അപകടം ഒഴിയാതെ രണ്ടാര്‍ കോട്ടപ്പുറം താഴത്തെക്കവല

ekm-accidentareaമൂവാറ്റുപുഴ: രണ്ടാര്‍ കോട്ടപ്പുറം താഴത്തെക്കവലയില്‍ അപകടം പതിവാകുന്നു. ആയവന, കോട്ട റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണുണ്ടാകുന്നത്.  അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ കവലയില്‍ കണ്ണാടി സ്ഥാപിച്ചെങ്കിലും അപകടങ്ങള്‍ക്കു യാതൊരു കുറവുമില്ല.

വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. ടിപ്പര്‍ ലോറികളുടെ മരണപാച്ചിലും അപകടത്തിനു വഴിയൊരുക്കുന്നുണ്ട്. കോട്ടറോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ആയവന ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളുമായാണ് കൂട്ടിയിടിക്കുന്നത്. തലനാരിഴയ്ക്കാണ് പലപ്പോഴും വന്‍ ദുരന്തം ഒഴിവാകുന്നത്. ഏതാനും നാള്‍ മുമ്പ് ലോറി ഇടിച്ചതിനെ തുടര്‍ന്ന് ഇന്നോവ കാര്‍ സമീപത്തെ പുരയിടത്തിലേക്ക് തലകീഴായി മറിഞ്ഞിരുന്നു.

ടിപ്പര്‍ ലോറികളുടെ അമിതവേഗതയ്‌ക്കെതിരെ നേരത്തെ മുതല്‍ പരാതിയുള്ളതാണ്. ബസുടകളക്കം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലൂടെയാണ് ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍. ഏതാനും നാള്‍ മുമ്പ് അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്, വാഹനങ്ങളുടെ വേഗതയ്ക്ക് അല്‍പം കുറവുണ്ടായിരുന്നെങ്കിലും വീണ്ടും പഴയ പടിയായിരിക്കുകയാണ്.

Related posts