അപകടങ്ങളെ കാതോര്‍ത്ത് മണലി റോഡ് ജംഗ്ഷന്‍

PKD-ACCIDENT-ROADപാലക്കാട്: സുല്‍ത്താന്‍ പേട്ട, കോയമ്പത്തൂര്‍ റോഡിലെ പ്രധാന കവലയായ മണലി റോഡ് ജംഗ്ഷന്‍ അപകടമേഖലയാകുന്നു. മുനിസിപ്പില്‍ലൈന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ബസ്‌സ്‌റ്റോപ്പ് ഉള്‍പെടുന്ന പ്രദേശമാണ് കാലങ്ങളായി സിഗ്‌നല്‍ സംവിധാനങ്ങളോ ആവശ്യത്തിന് സീബ്രാലൈനുകളോ ഇല്ലാതെ അപകട കവലയാകുന്നത്. കല്‍മണ്ഡപം, സ്‌റ്റേഡിയം ബൈപാസ്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളില്‍ നിന്നും കല്‍വാക്കുളം, മാങ്കാവ്, കോഴിക്കോട് ബൈപാസ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന സ്വകാര്യ ബസുകളടക്കം ചെറുതും വലുതുമായി ആയിര—ക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

ഇടക്കാലത്തെ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി മുനിസിപ്പില്‍ സ്റ്റാന്‍ഡില്‍ നിന്നും സ്‌റ്റേഡിയം ബൈപാസിലൂടെ വന്ന് ഇതുവഴിയാണ് സ്‌റ്റേഡിയത്തിലേക്ക് പോയിരുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞതോടെ ഗതാഗത പരിഷ്കാരം പഴയപടിയായെങ്കിലും ഇപ്പോള്‍ ചില ബസുകള്‍ ഇതുവഴി വരുന്നുണ്ട്.ഇതിനു പുറമെ കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്നുവരുന്ന മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും മണലി ബൈപാസിലൂടെ വന്ന് ഇതുവഴിയാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്നത്. ആദ്യകാലത്ത് കല്‍മണ്ഡപം, സുല്‍ത്താന്‍പേട്ട റോഡ് വണ്‍വേയായിരുന്നപ്പോള്‍ സുല്‍ത്താന്‍പേട്ട ഭാഗത്തു നിന്നും കല്‍മണ്ഡപം ഭാഗത്തേക്കു മാത്രമാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നത്.

എന്നാല്‍ സ്‌റ്റേഡിയം സ്റ്റാന്‍ഡിന്റെ ആഗമനത്തോടെ കല്‍മണ്ഡപം ഭാഗത്തുനിന്നുള്ള വാളയാര്‍, കൊഴിഞ്ഞാമ്പാറ ബസുകളെല്ലാം ഇതുവഴി സര്‍വ്വീസ് നടത്തുകയായിരുന്നു. പതിറ്റാണ്ടുകളായി ഇന്‍ഡസ്ട്രിയല്‍ മേഖല കൂടിയായ റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തി അറ്റകുറ്റപണികള്‍ നടത്തുന്നത്  പലപ്പോഴും അപകടമുണ്ടാക്കുന്നുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി മണലി റോഡ് ജംഗ്്ഷന്‍ വഴി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടും ഇവിടെ സിഗ്‌നല്‍ സംവിധാനങ്ങളും കോയമ്പത്തൂര്‍ റോഡില്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാലൈനുകളും വാഹനങ്ങളുടെ വേഗത കുറക്കാന്‍ സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാന്‍ ഭരണകുടമോ ട്രാഫിക്ക് പോലീസോ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല.

സമീപത്ത് എല്‍.പി സ്കൂള്‍, മദ്രസ, കല്യാണമണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവക്കു പുറമെ നിരവധി വ്യാപാര സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഉണ്ട്. സ്കൂള്‍ വിട്ട് കുരുന്നുവിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന പാതയില്‍ സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാനും നാളിതുവരെ നടപടിയായിട്ടില്ല.  നിരവധി ബസുകള്‍ പോകുന്ന ഈ ജംഗ്്ഷനില്‍ കഴിഞ്ഞ വര്‍ഷമാണ് ഒരു സംഘടന മുന്‍കൈയെടുത്ത് ഇവിടെ കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചത്. എന്നാല്‍ കല്‍മണ്ഡപം ഭാഗത്തുനിന്നും അമിതവേഗതയില്‍ സ്്‌റ്റേഡിയത്തിലേക്കുവരുന്ന സ്വകാര്യബസുകള്‍ ഇവിടെ തോന്നും പോലെ നിര്‍ത്തി ആളുകളെ ഇറക്കുന്നതും പലപ്പോഴും അപകടം സൃഷ്്ടിക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നു വരുന്ന ചരക്കുവാഹനങ്ങള്‍ മാര്‍ക്കറ്റിലേക്കു പോകുന്നതും ഇതുവഴിയാണ്. സന്ധ്യ മയങ്ങിയാല്‍ തെരുവ് വിളക്കുകളുടെ അഭാവംമൂലം പ്രദേശം അന്ധകാരത്തലാകുന്നതിനാല്‍ ഒരു ഹൈമാസ്്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. രാപകലന്യേ ആയിരക്കണക്കിനു ബസുകള്‍ കടന്നുപോകുന്ന കവലയെ അപകടരഹിത മേഖലയാക്കാന്‍ സിഗ്്‌നല്‍ സംവിധാനങ്ങളും വേഗത നിയന്ത്രണ സംവിധാനങ്ങളും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related posts