വടക്കഞ്ചേരി: മംഗലംപാലത്തിനടുത്തെ ദേശീയപാത ജംഗ്ഷനില്‍ ഇന്നലെയുണ്ടായ അപകട പരമ്പരയെതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈകുന്നേരം ദേശീയപാത ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഇല്ല്യാസ് പടിഞ്ഞാറെകളം, സുനില്‍ ചുവട്ടുപ്പാടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആറരയോടെ ദേശീയപാത ഉപരോധിച്ചത്. ഡിസിസി സെക്രട്ടറി ഡോ. അര്സലന് നിസ്സാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി കെ.മാത്യു എന്നിവര്‍ പ്രസംഗിച്ചു. സമരം പത്ത് മിനിട്ടുനീണ്ടുനിന്നു. ഇതേ തുടര്‍ന്ന് വാഹനങ്ങളും നിറഞ്ഞു.
എസ്ഐമാരായ നാരായണന്, രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു. ആലത്തൂര്‍ സ്വാതിജംഗ്ഷനിലെ സിഗ്നല്‍ സംവിധാനംപോലെ ഇവിടേയും സ്ഥാപിക്കാന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടാമെന്ന പോലീസിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇന്നലെയുണ്ടായ മൂന്ന് അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. നെന്മാറ, ഗോവിന്ദാപുരം ഭാഗത്തുനിന്നുള്ള വാഹനങ്ങളെല്ലാം ഈ കവലവഴിയാണ് ദേശീയപാതയിലേക്ക് കയറുന്നത്. ഇതിനാല്‍ വാഹനതിരക്കും കൂടുതലാണ്. സര്‍വീസ്് റോഡോ, തിരിയുന്ന വാഹനങ്ങള്‍ക്ക് നില്ക്കാന് ട്രാക്കുകളോ ഇവിടെയില്ല. സ്ഥിരം അപകടക്കുരുക്കാണ് ഈ കവല.