കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ജംഗ്ഷനില്‍ കാലപ്പഴക്കംബാധിച്ച വാകമരം അപകടഭീഷണിയുയര്‍ത്തുന്നു. ജംഗ്ഷനിലെ ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്ന ഭാഗത്തും ടൗണിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായ ആലക്കുഴിയന് ബില്‍ഡിംഗിനോടും ചേര്‍ന്നാണ് പാതയോരത്ത് ഈ വന്‍ വാകമരങ്ങള്‍ സ്ഥിതിചെയ്യുന്നത്.
മുമ്പ് ഇവയിലൊന്നിന്റെ മുകള്ഭാഗം മുറിച്ചുമാറ്റിയിരുന്നു. അതിപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. രണ്ടാമത്തെ മരത്തിന്റെ വന്‍ ശിഖരങ്ങളധികവും റോഡിലേക്ക് ചാഞ്ഞുനില്ക്കുകയാണ്. വന്കാറ്റടിച്ചാല് ശിഖരങ്ങള്‍ ഒടിഞ്ഞ് റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ഏതുസമയത്തും ധാരാളം വാഹനങ്ങള്‍ കടന്നുപോകുകയും റോഡു മുറിച്ചുകടക്കാന്‍ ആളുകള്‍ തങ്ങുകയും ചെയ്യുന്ന സ്ഥലമാകയാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. മാത്രമല്ല, ദിവസേന നൂറുക്കണക്കിന് ആളുകള്‍ കാല്‍നടയായി യാത്രചെയ്യുന്ന ഇടവുമാണ്.
നാട്ടുകാര്‍ വനംവകുപ്പിനും തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെ പഴക്കംചെന്ന ഈ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള യാതൊരു നടപടിയും ആയിട്ടില്ല. മഴക്കാലം ആരംഭിച്ചാല്‍ വൈദ്യുതി ലൈനിനുമുകളിലൂടെ പടര്‍ന്നു നില്ക്കുന്ന ശിഖരങ്ങള്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ഒടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ വ്യാപാരികള്‍. മഴയുംകാറ്റും ആരംഭിക്കുന്നതിനു മുമ്പ് അപകടഭീഷണിയുയര്ത്തിയിരിക്കുന്ന വാകമരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.