പാറ്റ്‌ന: വിവാഹം കഴിച്ചെത്തിയ വീട്ടില്‍ ശോചനാലയം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ചു. ശൗചാലയം വേണമെന്ന ഭാര്യയുടെ ആവശ്യം ഭര്‍ത്താവ് ചെവിക്കൊള്ളാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അവര്‍ ബന്ധം ഉപേക്ഷിച്ചത്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നുള്ള അര്‍ച്ച ഗൗതം എന്ന പെണ്‍കുട്ടിയാണ് ശൗചാലയത്തിന്റെ പേരില്‍ ഭര്‍ത്താവിനോട് “ഗുഡ്‌ബൈ’ പറഞ്ഞത്. ഭര്‍ത്താവ് ബബ്‌ലു കുമാര്‍ ശൗചാലയം എന്ന തന്റെ ആവശ്യം തുടര്‍ച്ചയായി നിരസിക്കുകയാണെന്നായിരുന്നു അര്‍ച്ചനയുടെ പരാതി.
തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിന് താന്‍ നിര്‍ബന്ധിതയാവുകയാണ്. സ്ഥലത്തിന്റെ ഉടമ പല തവണ തന്നെ ഇക്കാര്യം പറഞ്ഞ് അപമാനിച്ചുവെന്നും അര്‍ച്ചനയ്ക്ക് പരാതിയുണ്ട്. കഴിഞ്ഞ മേയിലാണ് ബബ്‌ലു-അര്‍ച്ചന ദമ്പതികള്‍ വിവാഹിതരായത്. ശൗചാലയം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിന്റെ വീട്ടുകാരോട് പറയൂ എന്നാണ് ഭര്‍ത്താവ് മറുപടി നല്‍കിയതെന്നും യുവതി പറഞ്ഞു. അപമാനം സഹിച്ച് ഭര്‍ത്താവിനൊപ്പം ജീവിച്ച് മടുത്തുവെന്നും അതിനാല്‍ താന്‍ ബന്ധം ഉപേക്ഷിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ശൗചാലയം ഇല്ലാതെ വസിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍.