തോമസ് ഐസക്ക് കുമ്പിടിയോ? നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഒഫീഷ്യല്‍ പേജിലും ബജറ്റ് രേഖകള്‍ പങ്കുവച്ച് ധനമന്ത്രി, ഐസക്കിന്റെ നടപടി വിവാദമാകുന്നു

issac നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുംമുമ്പേ ഫേസ്ബുക്കില്‍ ബജറ്റിലെ രേഖകള്‍ വെളിപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി വിവാദമാകുന്നു. ബജറ്റ് അവതരണം തുടങ്ങുന്നതിനു തൊട്ടുമുമ്പേ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ വന്നുകൊണ്ടിരുന്നു. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ പലതും ഫേസ്ബുക്കിലാണ് ആദ്യം വന്നതും. ഉദാ. ഹെല്‍ത്ത് കാര്‍ഡുള്ള മുഴുവന്‍ പേര്‍ക്കും കാന്‍സര്‍, പക്ഷാഘാതം, കരള്‍, വൃക്ക രോഗികള്‍ക്ക് സൗജന്യ ചികിത്സ എന്ന പ്രഖ്യാപനം. ഈ പ്രഖ്യാപനം സഭയില്‍ ഹാജരായ അംഗങ്ങള്‍ കേള്‍ക്കുന്നതിനു മുമ്പേ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു.

issac 2 രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികളുടെ ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നത് വിദഗ്ധരാണ്. എന്നാല്‍, അതീവ രഹസ്യമായിരിക്കേണ്ട ബജറ്റ് രേഖകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഗുരുതരമായ തെറ്റാണ്. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി ഫേസ്ബുക്കില്‍ ഇവ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയെന്നത് അസംഭവ്യമാണ്. അതിനര്‍ഥം, ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്നയാള്‍ക്ക് ബജറ്റ് രേഖകള്‍ നേരത്തേ ലഭിച്ചിരുന്നുവെന്നാണ്. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റിലെ വിവരങ്ങള്‍ ഒരു പത്രം തലേദിവസം പ്രസിദ്ധീകരിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഫേസ്ബുക്ക് അപ്‌ഡേഷന്‍ വിവാദത്തില്‍ തോമസ് ഐസക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഐസക്കിന്റെ നടപടിയില്‍ തെറ്റൊന്നുമില്ലെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ബജറ്റ് രേഖകള്‍ മറ്റൊരാളെ ഏല്പിച്ച മന്ത്രിയുടെ നടപടി ശരിയായില്ലെന്ന് എതിര്‍ഭാഗം വാദിക്കുന്നു. എന്തായാലും വിവാദം കൊഴുക്കുമെന്നതില്‍ സംശയമില്ല.

Related posts