അബ്ദുള്ളക്കുട്ടി അത്ഭുതകുട്ടിയാകുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

knr-kunjaliതലശേരി: തെരഞ്ഞെടുപ്പില്‍ എന്നും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള എ.പി. അബ്ദുള്ളക്കുട്ടി തലശേരി നിയോജക മണ്ഡലത്തിലും അത്ഭുതകുട്ടിയായി മാറുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി. തലശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലശേരിയുടെ വികസന മുരടിപ്പിന് അറുതി വരുത്താന്‍ അബ്ദുള്ളക്കുട്ടി ജയിക്കേണ്ടത് അനിവാര്യമാണ്. അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും. പെരിങ്ങത്തൂരിലാണ് ഇന്ന് താന്‍ പങ്കെടുത്ത ആദ്യ പൊതുയോഗം നടന്നത്. അവിടെ നിന്നും തലശേരിയിലേക്കുള്ള യാത്ര ദുബായിയില്‍ നിന്നും അബൂദാബിയിലേക്കുള്ള യാത്രയുടെ അനുഭൂതിയാണ് തനിക്ക് സമ്മാനിച്ചത്.

കഴിഞ്ഞ വര്‍ഷം സമാനതകളില്ലാത്ത വികസനമാണ് കേരളത്തില്‍ നടന്നത്. ഇതിന് തുടര്‍ച്ച വേണം. യുഡിഎഫ് അധികാരത്തില്‍ വരണം. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് എന്ന വ്യാജ പ്രചരണവുമായി ഇടതു മുന്നണി രംഗത്തു വന്നിട്ടുള്ളത്. ഈ പ്രചരണങ്ങളെയെല്ലാം അതിജീവിച്ച് അവസാനത്തെ വോട്ടും തങ്ങള്‍ക്കനുകൂലമായി പെട്ടിയിലാക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സജ്ജരാകണമെന്നും കുഞ്ഞാലിക്കുട്ടി തുടര്‍ന്ന് പറഞ്ഞു. എന്‍.മഹമ്മൂദ് അധ്യക്ഷത വഹിച്ചു.

Related posts