തലയോലപ്പറമ്പ്: പതിനെട്ടുകാരിയായ മകളെ തനിച്ചാക്കി മാതാവിന്റെ വേര്‍പാട് നാടിനെ ഈറനണിയിച്ചു. തലയോലപ്പറമ്പ് മാത്താനം കോതാവേലില്‍ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യ രമണി(51)യുടെ മരണമാണു മകള്‍ അനുഷയെ തനിച്ചാക്കിയത്. വൈക്കത്തെ സ്വകാര്യ കോളജില്‍ ഡിഗ്രിക്കു പഠിക്കുന്ന അനുഷ മാതാവിന്റെ ചിത്രം നോക്കി ഏങ്ങലടിച്ചു കരയുന്നത് ഏവരുടെയും കരളലിയിക്കുന്ന കാഴ്ചയായി. സ്വന്തമായൊരു വീടുപോലുമില്ലാത്ത ഈ വിദ്യാര്‍ഥിനി ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്.
പതിനൊന്നു വര്‍ഷം മുമ്പു ഹൃദ്രോഗം മൂലം പിതാവു മരിച്ചതോടെ അമ്മയും മകളും തനിച്ചായിരുന്നു താമസം.പലര്‍ക്ക് അവകാശമുള്ള സ്ഥലത്തെ തകര്‍ച്ചയിലുള്ള വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത് . അമ്മ കൂലിവേല ചെയ്താണ് അനുഷയുടെ പഠനവും വീട്ടുകാര്യങ്ങളും നോക്കിയിരുന്നത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെത്തുടര്‍ന്നു രമണിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ മരണം സംഭവിക്കുകയായിരുന്നു.