ജിബിന്‍ കുര്യന്
കോട്ടയം: നാടുനീളെ നായകള്‍ നാട്ടുകാര്‍ക്കുനേരേ തിരിയുമ്പോള്‍ കോടിമതയില്‍ അമ്മിണിയമ്മ തെരുവുനായകളെ വീട്ടില്‍ പോറ്റിവളര്‍ത്തുകയാണ്. ഒന്നും രണ്ടുമല്ല 14 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 45 നായകളെ തീറ്റ കൊടുത്തു സംരക്ഷിക്കുകയാണ് അമ്മിണിയമ്മ. എംസി റോഡില്‍ കോടിമത പാലത്തിനുസമീപം പുതുവല്‍ ചക്കാലച്ചിറ വീട്ടില്‍ അമ്മിണിയമ്മയുടെ ചെറിയ വീടിനുള്ളിലും മുറ്റത്തുമാണ് നായകളെ പൂട്ടിയിട്ടുവളര്ത്തുന്നത്. 18 വര്‍ഷം മുമ്പാണു തെരുവു നായ സംരക്ഷണം അമ്മിണിയമ്മ തുടങ്ങിയത്.
റോഡിനോടു ചേര്‍ന്നും വീടിനു മുമ്പിലും വാഹനമിടിച്ചും മറ്റും അവശരായി കിടക്കുന്ന നായ്ക്കളെ അമ്മിണിയമ്മ എല്ലാ ദിവസം രാവിലെ കാണുക പതിവായിരുന്നു. ആദ്യമൊക്കെ ഇവയെ വീട്ടില്‍ സംരക്ഷിക്കാന്‍ ഭര്‍ത്താവും മക്കളും സമ്മതിച്ചിരുന്നില്ല. കൈയും കാലും ഒടിഞ്ഞ് ജീവനുവേണ്ടി പിടയുന്ന നായ്ക്കളുടെ ദയനീയമുഖം അമ്മിണിയമ്മയ്ക്ക് സഹിക്കാനായില്ല. നായ്ക്കളെ വീട്ടില്‍ എത്തിച്ച് ഭക്ഷണം നല്കി മൃഗാശുപത്രിയില്‍നിന്നു മരുന്നുവാങ്ങിക്കൊടുത്തായിരുന്നു തുടക്കം.
വീടിനു പുറകില്‍ അലഞ്ഞു തിരിഞ്ഞു നടന്ന നായകളെ മുനിസിപ്പല്‍ അധികൃതര്‍ കയറിട്ട് കുടുക്കി കൊല്ലാനായി കൊണ്ടുപോകുന്ന കാഴ്ചയും നായ സ്നേഹിയായ ഈ അമ്മയ്ക്ക് സഹിക്കാനായില്ല. കോടിമതയിലെ അലഞ്ഞു തിരിഞ്ഞ നായ്ക്കളെയെല്ലാം അമ്മിണിയമ്മ കൊലക്കയറു വീഴും മുന്‍പു വീട്ടിലേക്ക് കൊണ്ടുപോയി. പിന്നെ ഓരോ ദിവസവും നായ്ക്കളുടെ എണ്ണം കൂടി വന്നു. ഇപ്പോള്‍ വീട്ടില്‍ സംരക്ഷിക്കുന്ന നായ്ക്കളില്‍ ഏതാണ്ട് ഭൂരിഭാഗവും റോഡില്‍ ഉപേക്ഷിച്ചതും വാഹനങ്ങള്‍ ഇടിച്ച് പരിക്കുപറ്റിയവയുമാണ്.
ചെറിയ പട്ടിക അടിച്ചുണ്ടായിക്കിയ കൂടുകളിലാണ് കുറെ നായകളെ പാര്‍പ്പിച്ചിരിക്കുന്നത്. വീട്ടിലെ എല്ലാ മുറിയിലും നായ്ക്കളുണ്ട്. തൂണിലും കട്ടിലിന്റെ കാലിലുമൊക്കെ നായകളെ കെട്ടിയിട്ടിരിക്കുന്നു. നായ്കുഞ്ഞുങ്ങള് വീട്ടിലെ കട്ടിലിലാണു കിടപ്പ്. നായ്ക്കളെ വെറുതെ കൂട്ടിലിടുക മാത്രമല്ല. അവയ്ക്ക് മൂന്നു നേരവും ഭക്ഷണവും അമ്മിണിയമ്മ നല്കുന്നു. വീടിനോടു ചേര്‍ന്നുള്ള സ്വകാര്യ സ്ഥാപനത്തില്‍ സ്വീപ്പറായി ജോലി ചെയ്യുന്ന അമ്മിണിയമ്മയ്ക്ക് ലഭിക്കുന്ന തുശ്ചമായ വരുമാനത്തില്‍ നിന്നാണ് ഇവയെ പോറ്റാനുള്ള വക കണ്ടെത്തുന്നത്. ആദ്യമൊക്കെ മക്കള്‍ എതിര്‍ത്തെങ്കിലും ഇപ്പോള്‍ അവരും അമ്മയ്ക്കൊപ്പം നായ്ക്കളുടെ പരിപാലനത്തില്‍ സഹായിക്കുന്നുണ്ട്. രാവിലെ വീടും പരിസരവും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് വൃത്തിയായി കഴുകും. വേയ്സ്റ്റ് വെള്ളം കളയുവാനായി മാലിന്യ ടാങ്കും നിര്‍മിച്ചിട്ടുണ്ട്.
രാവിലെ നായ്ക്കള്‍ക്കുള്ള പൊടിരൂപത്തിലുള്ള ഭക്ഷണം നല്‍കും. ഉച്ചകഴിഞ്ഞു ചോറും മീന്കറിയുമാണ തീറ്റ. ദിവസം ഒമ്പതു കിലോ അരി വേണ്ടിവരും. അയില, മത്തി തുടങ്ങിയ മീനുകളാണ് അധികവും വാങ്ങുന്നത്. വീട്ടില്‍ കറിവയ്ക്കുന്നതു പോലെ എല്ലാ ചേരുവകളും ചേര്‍ത്താണു കറിവച്ചു കൊടുക്കുക. ഉച്ചഭക്ഷണത്തിന്റെ മിച്ചം വരുന്നത് വൈകുന്നേരവും നല്‍കും. ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളവും വിറകും കാശ് കൊടുത്തു വാങ്ങുകയാണ്. റോഡില്‍കൂടി രാത്രിയും പകലും വാഹനങ്ങള്‍ ചീറിപായുന്നതില് നായകളെ ഒന്നിനേയും അഴിച്ചുവിടില്ല.
അമ്മിണിയമ്മയുടെ വീടിനു മുറ്റത്തേക്ക് അപരിചിതര്‍ക്ക് ആര്‍ക്കും എത്താന്‍ പറ്റില്ല. എത്തിയാല്‍ 45 നായകളും കുഞ്ഞുങ്ങളും ഒരുമിച്ച് കുരയ്ക്കാന്‍ തുടങ്ങും. സമീപ വാസികള്‍ അമ്മിണിയമ്മയുടെ നായ വളര്‍ത്തലിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും അമ്മിണിയമ്മയുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണു ചെയ്തത്. ആര്‍പ്പൂക്കരയിലെ മൃഗഡോക്ടറാണ് അമ്മിണിയമ്മയുടെ നായ്ക്കളെ പരിശോധിക്കുന്നതും ചികിത്സകള്‍ നിര്‍ദേശിക്കുന്നതും. എല്ലാ നായ്ക്കള്‍ക്കും പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.
അടുത്തനാളില്‍ പലരും നായയെ ഉപേക്ഷിക്കാനായി അമ്മിണിയമ്മയുടെ അടുത്തെത്തിയെങ്കിലും സ്ഥലപരിമിതി മൂലം അവരെ മടക്കി അയ്ക്കുകയായിരുന്നു. തെരുവു നായകള്‍ ആരെയും ഉപദ്രവിക്കില്ലെന്നും വലിയ വീടുകളില്‍നിന്നും ഉപേക്ഷിക്കുന്ന നായകള്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ മനുഷ്യനു നേരെ തിരിയുന്നതാണെന്നുമാണ് അമ്മിണിയമ്മ പറയുന്നത്. നായകളെ സംരക്ഷിക്കാന്‍ പഞ്ചായത്തുകളും മുനസിപ്പാലിറ്റിയും മുന്നോട്ടു വരുകയും നായകളെ സംരക്ഷിക്കുന്നവര്‍ക്ക് സഹായം ചെയ്യുകയും ചെയ്താല്‍ നായശല്യം ഒഴിവാക്കാനാകുമെന്നും അമ്മിണിയമ്മ പറയുന്നു.