കൊച്ചി: നിര്‍ധനരായ അര്‍ബുദ രോഗികള്‍ക്കു കരുതലും കാരുണ്യവുമായി കൊച്ചിയിലെ ജീവകാരുണ്യപ്രസ്ഥാനമായ ജീവന്‍രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസ് സൊസൈറ്റി പത്താം വയസില്‍. എല്ലാ മാസങ്ങളിലും എറണാകുളം ജനറല്‍ ആശുപത്രിയിലും കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും അര്‍ബുദരോഗികള്‍ക്കു സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഉദ്യോഗങ്ങളില്‍ നിന്നു വിരമിച്ച മുതിര്‍ന്ന പൗരന്മാരാണു ഊര്‍ജം പകരുന്നത്.
പ്രതിമാസം അമ്പതിനായിരം രൂപയോളം വിലവരുന്ന മരുന്നുകളാണു സൊസൈറ്റി ആശുപത്രികളില്‍ വിതരണം ചെയ്യുന്നത്. ഓരോ മാസത്തിലും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളാണു മരുന്നുവിതരണം നിര്‍വഹിക്കാനെത്തുന്നത്. ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്കും സൊസൈറ്റി മരുന്നുകള്‍ എത്തിക്കുന്നുണ്ട്.
വൃക്കരോഗികള്‍ക്കു ഡയാലിസിസിനുള്ള ധനസഹായം, മറ്റു രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കു ചികിത്സാസഹായം, ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് സാമ്പത്തികസഹായം, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, കാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ എന്നിവയും ജീവന്‍രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസ് സൊസൈറ്റി നടത്തിവരുന്നുണ്ടെന്നു പ്രസിഡന്റ് അഡ്വ. ജോര്‍ജ് ജോസഫ്, വൈസ് പ്രസിഡന്റ് സി.എ. വിജയകുമാര്‍, ട്രഷറര്‍ സാന്റി ജോസഫ്, സെക്രട്ടറി എ. സോഫിയ, ടി.എം. രാമാനുജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സൊസൈറ്റിയുടെ പത്താം വാര്‍ഷികാചരണവും 120-ാമതു മരുന്നുവിതരണവും 28ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ശ്രവണ സഹായി വിതരണവും ഉണ്ടാകും. പ്രഫ.എം.കെ സാനു യോഗം ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിക്കും.
റിട്ടയേഡ് ഡിഎംഒ ജുനൈദ് റഹ്മാന്‍ ആശുപത്രി സൂപ്രണ്ട് ഡോ.വി.എസ് ഡാലിയയ്ക്ക് അര ലക്ഷം രൂപയുടെ മരുന്നുകള്‍ കൈമാറും. കുട്ടികള്‍ക്കുള്ള ശ്രവണസഹായികള്‍ കൊച്ചിന്‍ കോര്‍പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു വിതരണം ചെയ്യും. മറ്റു രോഗികള്‍ക്കുള്ള ചികിത്സാ സഹായവിതരണവും ചടങ്ങിനോടനുബന്ധിച്ചുണ്ടാകും.