അലനല്ലൂര്‍: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ അലനല്ലൂരിലെ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയായി. നിര്‍മാണം കഴിഞ്ഞു നാളുകളേറെയായിട്ടും ഒരു ബസുപോലും കയറാത്ത സ്റ്റാന്‍ഡ് നിലവില്‍ സാമൂഹികവിരുദ്ധരുടെ താവളമായി. സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ് വാഹനങ്ങള്‍ക്കായി കാത്തിരിപ്പു തുടങ്ങി ആറുമാസമായിഇരുനിരകളിലായി ഷോപ്പിംഗ് കോംപ്ലക്‌സോടു കൂടിയ വിശാലമായ ബസ് സ്റ്റാന്‍ഡാണ് ഇവിടെ നിര്‍മിച്ചത്.അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2010,-11, 12-13 സാമ്പത്തികവര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡ് പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അലനല്ലൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്.
ആദ്യം സ്വകാര്യ ബസുകള്‍ക്കും പിന്നീട് കെഎസ്ആര്‍ടിസി ബസുകള്‍ക്കുമായി തുറന്നുകൊടുത്ത സ്റ്റാന്‍ഡില്‍ വിരലിലെണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് കയറിയിറങ്ങുന്നത്. തെരുവുനായ്ക്കളും അലയുന്ന പശുക്കളാണ് പ്രധാനമായും ഇവിടെ കയറിയിറങ്ങുന്നത്. ബസ് സ്റ്റാന്‍ഡില്‍ വിശ്രമമുറി, ടോയ്‌ലറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങി ആധുനിക സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികളെല്ലാം അടഞ്ഞുകിടക്കുകയാണ്.