സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: പൊരിവെയിലും പെരുമഴയും വിരുന്നെത്തിയ മധ്യവേനലവധിക്കാലത്തിന് ഇന്നലെ യാത്രാമൊഴി നല്കിയ കുട്ടികള്‍ ഇന്ന് അധ്യയനവര്‍ഷത്തിന്റെ തിരക്കുകളില്‍ മുഴുകി. പുത്തന്‍ യൂണിഫോമും ബാഗും പുസ്തകങ്ങളുമായി രാവിലെ സ്കൂളുകളിലേയ്ക്ക് യാത്രയായി. പൊള്ളുന്ന വേനലിലാണ് കുട്ടികള്‍ക്ക് സ്കൂളുകളില്‍ പരീക്ഷാക്കാലത്തിന് തിരശ്ശീല വീണത്. പകല്‍ പുറത്തിറങ്ങാനാവാത്ത അസഹനീയമായ ചൂട്. ഓരോ ദിവസവും ഉഷ്ണമാപിനിയില്‍ താപനില കൂടിക്കൂടി വന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗ്രാമങ്ങളും നഗരങ്ങളും ചൂടേറിയ ചര്‍ച്ചകളിലും പ്രചാരണങ്ങളിലുമായി. മെയ് മൂന്നാം വാരത്തില്‍ നടന്ന വോട്ടെടുപ്പും വോട്ടെണ്ണലുമൊക്കെ പൂര്‍ത്തിയായപ്പോള്‍ സ്കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സമയമായി.
ബാഗും ഷൂസും കുടയും വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്സും വാങ്ങാനുള്ള തിരക്ക്. യൂണിഫോം കൃത്യസമയത്ത് തുന്നിക്കിട്ടാനുള്ള തത്രപ്പാട്. പതിവുപോലെ ഇക്കുറിയും സ്കൂള്‍ സാമഗ്രികളുടെ വിപണി വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. ആകര്‍ഷകമായ ബാഗും കുടയും സ്റ്റോക്ക് തീരുംമുമ്പേ കരസ്ഥമാക്കാന്‍ കുട്ടികള്‍ രക്ഷിതാക്കളെ നിര്‍ബന്ധിച്ചു. കുട്ടികളും മനം കവരുന്ന പരസ്യങ്ങള്‍ അവരെ അതിനു പ്രേരിപ്പിച്ചുവെന്ന് ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
മുമ്പ് നഗരങ്ങളില്‍ മാത്രം പരിചിതമായിരുന്ന അവധിക്കാല ക്ലാസുകളും ക്യാമ്പുകളും ചില ഗ്രാമപ്രദേശങ്ങളിലും ഇത്തവണ സംഘടിപ്പിക്കപ്പെട്ടു. ഒരാഴ്ച മാത്രം കാലാവധിയുണ്ടായിരുന്നവ മുതല്‍ രണ്ടു മാസം ദൈര്‍ഘ്യമുള്ളവ വരെ ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടി. കംപ്യൂട്ടര്‍ മുതല്‍ യോഗ വരെ നീളുന്നതാണ് ഈ ക്യാമ്പുകളുടെ ഉള്ളടക്കം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പലയിടത്തും ക്ലാസുകള്‍ ചിട്ടപ്പെടുത്തി. പ്രശസ്തരായ അതിഥികളുടെ സാന്നിധ്യം അവധിക്കാല ക്യാമ്പുകള്‍ക്ക് കൂടുതല്‍ ഉത്സാഹമേകി.
എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. ഇക്കുറി അവധിക്കാലത്തിന് ഐപിഎല്ലിന്റെ എട്ടാം സീസണും കൊഴുപ്പ് പകര്‍ന്നു. വീടിനു സമീപത്തെ മൈതാനങ്ങളും വെള്ളമില്ലാത്ത ചാനല്പാതകളും കളിക്കളങ്ങളായി. ഇനി പഠനത്തിന്റെ നാളുകളാണ്. ഉപരിപഠനത്തിനു യോഗ്യതേ നേടിയ കുട്ടികള്‍ ആഹ്ലാദത്തോടെ ഇന്ന് വിദ്യാലയങ്ങളിലെത്തിച്ചര്ന്നു. കഴിഞ്ഞ രണ്ടു മാസത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള തിടുക്കമായിരുന്നു പലര്‍ക്കും.