കട്ടപ്പന: വാഗമണ്ണില്‍ യുവതിയായ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ വിഷം ഉള്ളില്‍ചെന്നു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കോട്ടമല രണ്ടാംഡിവിഷനില്‍ മൂന്നുകല്ല് സ്വദേശി കണ്ണന്റെ ഭാര്യ വിജയകുമാരി(29)യാണ് കഴിഞ്ഞ 29-നു മരിച്ചത്.
ഒരുവര്‍ഷം മുമ്പാണ് കണ്ണനും വിജയകുമാരിയും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നിരന്തരം വിജയകുമാരിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. വിജയകുമാരി മരിച്ച വിവരം അയല്‍വാസികളാണ് വീട്ടുകാരെ അറിയിച്ചത്. വാഗമണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കൂടാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല.
മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളായ സുബ്ബലക്ഷ്മി, സുബ്രഹ്മണ്യന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.