മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളിയില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശംവരുത്തി. അര്‍ധരാത്രിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം ഇന്നലെ രാവിലെ ഒമ്പതോടെയാണ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറി ആനമൂളി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തേക്ക് നീങ്ങിയത്. മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശി പുളിക്കാത്തൊടിയില് ജോസഫ് എന്ന സാബുവിന്റെ 500 റബര്‍ തൈകളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. രണ്ടേക്കറോളംവരുന്ന സ്ഥലത്തെ നാലുവര്ഷംപ്രായമായ റബര്‍തൈകളാണ് ഇവ ഒടിച്ചിട്ടത്.
ഇതിനു പുറമെ വേളക്കാടന്‍ ജമീലയുടെ 200 ഓളം വാഴ, പാടയില്‍ നാസറിന്റെ 300 ഓളം വാഴ, വല്ലത്ത് തങ്കമണിയുടെ 200 വാഴ, ആനമൂളി റഫീഖിന്റെ 200 ഓളം വാഴ, വാസുവിന്റെ 50 ഓളം വാഴ എന്നിങ്ങനെയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. തെങ്ങുകളും വാഴകളും കവുങ്ങിന്‍തൈകളും ഇവ നശിപ്പിച്ചു. മേലാമുറി , മെഴുകുംപാറ, തത്തേങ്ങലം എന്നിവിടങ്ങളിലെ ആക്രമണത്തിനുശേഷം കാട്ടാനക്കൂട്ടം വീണ്ടും ആനമൂളിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കാട്ടാനകളെ പേടിച്ച് എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് പ്രദേശവാസികളും.
കാട്ടാനക്കൂട്ടം ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തി. ആനമൂളിതോടുകാട്, അമ്പംകുന്ന് എന്നിവിടങ്ങളിലാണ് നാശനഷ്ടംകൂടുതലും. കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് ഇതോടെ പതിവായിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആറംഗ കാട്ടാനക്കൂട്ടം പ്രദേശവാസിയായ സ്ത്രീയെ ചവിട്ടികൊന്നത്. എന്നിട്ടും അധികൃതര്‍ ശക്തമായ നിലപാടെടുക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. ഫൈസല്‍, ജുനൈസ്, ഗിരീഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.