ആനവണ്ടിയുടെ ‘സമയം” നല്ലതല്ലെന്ന് യാത്രക്കാര്‍; സമയം മാത്രമല്ല സര്‍വീസും നല്ലതെന്ന് അധികൃതര്‍

ktm-ksrtcഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഡിപ്പോയിലെ തലതിരിഞ്ഞ ബസ് ഷെഡ്യൂള്‍ ദുരിതമാകുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെടുമ്പോള്‍ സര്‍വീസുകള്‍ ലാഭകരമാണെന്ന് അധികൃതര്‍. ഒരേ ദിശയിലേക്ക് 15 മിനിറ്റിനുള്ളില്‍ മൂന്നു വണ്ടികളാണ് പുറപ്പെടുന്നത്. രാവിലെ 7.20, 7.25, 7.30 സമയങ്ങളിലാണ് എറണാകുളം, ചോറ്റാനിക്കര, ചേര്‍ത്തല ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പുറപ്പെടുന്നത്.

സ്വകാര്യബസ് ലോബിയെ സഹായിക്കുന്നു വെന്ന് യാത്രക്കാര്‍
എറണാകുളത്തേക്ക് ഫാസ്റ്റ് പാസഞ്ചറും ചേര്‍ത്തല, ചോറ്റാനിക്കര ബസുകള്‍ ഓര്‍ഡിനറികളുമാണ്. ഇവ നാലര മണിക്കൂറെടുത്താണ് ഈ സ്ഥലങ്ങളില്‍ എത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതുമൂലം ഈ ബസുകളില്‍ നാമമാത്രം യാത്രക്കാരാണ് കയറു ന്നതെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു.എന്നാല്‍ സ്വകാര്യബസ് ലോബിയെ സഹായിക്കുന്ന രീതിയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരും തൊഴിലാളികളും പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

ദീര്‍ഘദൂര സര്‍വീസുകള്‍ അതിരാവിലെ ആരംഭിക്കുന്നതിന് പകരം വൈകി പുറപ്പെടുന്നത് യാത്രക്കാര്‍ക്കുവേണ്ടിയല്ല. തൊഴിലാളികളുടെ സൗകര്യം നോക്കിയിട്ടാണെന്ന് യാത്രക്കാര്‍ പറയുന്നു. കോടികള്‍ മുടക്കി കെഎസ്ആര്‍ടിസി ഡിപ്പോയാക്കി ഉയര്‍ത്തിയിട്ടും യാത്രക്കാര്‍ക്ക് അതിന്റെ ഒരുഗുണവും ലഭിച്ചിട്ടില്ല. ഏറ്റവും തിരക്കുള്ള കൊടകര, വെള്ളിക്കുളങ്ങര, പെരിഞ്ഞനം, തൃപ്രയാര്‍, ആമ്പല്ലൂര്‍ തുടങ്ങിയ മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യമേര്‍പ്പെടുത്തണമെന്ന് ദീര്‍ഘകാലമായി യാത്രക്കാരും സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

ഈ റൂട്ടുകളില്‍ ഒരു ഷെഡ്യൂളുകളും തുടങ്ങാത്തത് പ്രൈവറ്റ് ബസ് ലോബികളും കെഎസ്ആര്‍ടിസി അധികൃതരും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിക്കുന്ന ഷെഡ്യൂളുകള്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ മാത്രമേ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറയുന്നു.
 
ആരോപണം അടിസ്ഥാനരഹിതം    
എന്നാല്‍ ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ലാഭകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആസൂത്രണമില്ലാതെ സര്‍വീസ് നടത്തുന്നത് മൂലം കെഎസ്ആര്‍ടിസി നഷ്ടത്തിലാകുന്നുവെന്ന യാത്രക്കാരുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ഇരിങ്ങാലക്കുട ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം ഹൈവേയിലെ സമയക്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓടുന്നത്. ഇരിങ്ങാലക്കുടയില്‍ നിന്ന് യാത്രക്കാര്‍ കുറവാണെങ്കിലും ഹൈവേയില്‍ നിന്ന് ഈ ബസുകളില്‍ യാത്രക്കാര്‍ ഏറെയാണ്.

എറണാകുളം സൂപ്പര്‍ ഫാസ്റ്റും 6.30 ന് പോകുന്ന ചോറ്റാനിക്കര ബസിനുമെല്ലാം മികച്ച കളക്ഷനാണുള്ളത്. ചേര്‍ത്തലയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസും കളക്ഷന്റെ കാര്യത്തില്‍ മുന്നിലാണ്. നേരത്തെ ആലുവയിലേക്ക് പോയിരുന്ന ബസിന്റെ സമയത്തിനാണ് ചേര്‍ത്തലയിലേക്ക് നീട്ടി പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ലോഫ്‌ളോര്‍ സര്‍വീസ് സൂപ്പര്‍ഫാസ്റ്റായിട്ട് ഓടാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഓടുന്നത്.

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ലാഭകരമല്ലാത്ത ഒരു സര്‍വീസ് പോലും വേണ്ടെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പല സര്‍വീസുകളും ഒഴിവാക്കിയപ്പോഴും ഇരിങ്ങാലക്കുടയില്‍ നിന്ന് ഒന്നും ഒഴിവാക്കപ്പെട്ടില്ല. ഗ്രാമീണ മേഖലയിലേക്കുവേണ്ടിയുള്ള സര്‍ക്കുലര്‍ സര്‍വീസ് മാത്രമാണ് ഇരിങ്ങാലക്കുടയില്‍ നഷ്ടത്തിലോടുന്നത്. ഇത് നിര്‍ത്തലാക്കാന്‍ പലതവണ തിരുവനന്തപുരത്ത് നിന്നും നിര്‍ദേശം വന്നെങ്കിലും ഗ്രാമീണമേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസായതിനാലാണ് നിര്‍ത്താന്‍ മടിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

എട്ട് സര്‍വീസുകളോടെ ആരംഭിച്ച ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സബ്ബ്‌സെന്റില്‍ നിന്ന് ഇപ്പോള്‍ 28 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജനോപകാരപ്രദമായ കൂടുതല്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് ഇരിങ്ങാലക്കുട ഡിപ്പോ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ജനപ്രതിനിധികളുടെ പിന്തുണ ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

Related posts