ഐഒഎസിനു വേണ്ടിയെത്തിയ പ്രിസ്മ ഫില്‍ട്ടര്‍ ആപ്പ് വൈറലായപ്പോള്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിപ്പിലായിരുന്നു. ഫോട്ടോ എഡിറ്റിംഗ് ആപ്പുകളില്‍ ചരിത്രം സൃഷ്ടിച്ച പ്രിസ്മ ഒടുവില്‍ അഞ്ചാഴ്ചകള്‍ക്കു ശേഷം ആന്ഡ്രോയിഡിലുമെത്തി. പ്രിസ്മയുടെ ബീറ്റ വേര്‍ഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പ്രിസ്മ ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ആപ്പിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ ഹോംപേജില്‍ താഴെയായുള്ള ന്യൂസ് ലെറ്ററില്‍ സൈന്‍ അപ്പ് ചെയ്യുകയാണ് വേണ്ടത്. സൈനിംഗ് അപ്പ് കഴിഞ്ഞാല്‍ ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായുള്ള ലിങ്ക് ഇ-മെയില്‍ ആയി ലഭിക്കും. ചൊവ്വാഴ്ച മുതലാണ് ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ആപ്പിള്‍ ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി മാത്രം എത്തിയ പ്രിസ്മ ചുരുങ്ങിയ സമയം കൊണ്ട് വലിയ ജനപ്രീതി നേടിയിരുന്നു. അഞ്ച് ആഴ്ച കൊണ്ട് 75 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. സെലിബ്രിറ്റികളടക്കം പ്രിസ്മയില്‍ രൂപംമാറ്റിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവരുന്നു. 33 ഫില്‍ട്ടര്‍ ഓപ്ഷനുകളാണ് പ്രിസ്മയിലുള്ളത്. പിക്കാസോ, വാന്‍ഗോഗ്, മൂങ്ക്, ലെവിറ്റാന്‍ തുടങ്ങിയ വിഖ്യാത ചിത്രകാരന്മാരുടെ ശൈലി ഫോട്ടോകളിലേക്കു പകര്‍ത്താനാകുമെന്നതാണ് പ്രത്യേകത. പോര്‍ട്രെയ്റ്റ് ചിത്രങ്ങളുടെ എഡിറ്റിംഗിനായി വിവിധ ഡിസൈനുകളും പാറ്റേണുകളും തന്നെ പ്രിസ്മയ്ക്കുണ്ട്. റഷ്യന്‍ സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഈ അദ്ഭുത ആപ്പിനു പിന്നില്‍. അലക്സി മൊയ്സീന്‍കോവ് എന്ന 25കാരന് നാലു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഈ സ്റ്റാര്‍ട്ടപ് ആരംഭിച്ചത്.
പ്രിസ്മ വീഡിയോ ഫീച്ചര്‍, 360 ഡിഗ്രി പ്രിസ്മ ചിത്രങ്ങള്‍, നിരവധി പുതിയ പിക്ചര്‍ സ്റ്റൈലുകള്‍ തുടങ്ങിയവ ആപ്പിന്റേതായി പുതുതായി എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.