കൊല്ലം :ആഫ്രിക്കയില്‍ മരണപ്പെട്ട ജലസേചന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ എന്‍.ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതായി ആഫ്രിക്കന്‍ ഹൈകമ്മീഷണര്‍ അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മരണപ്പെട്ട ശശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി ആഫ്രിക്കയിലെ ഇന്ത്യന്‍ എമ്പസി ഹൈകമ്മീഷണര്‍ക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു.
മൃതദേഹം എംബാം ചെയ്ത് നാട്ടിലെക്ക് അയ്ക്കുന്ന തരത്തില്‍ എല്ലാവിധ നടപടിയും പൂര്‍ത്തിയാക്കി. ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചിമോയില്‍ നിന്നും മാപ്പുറ്റോയില്‍ എത്തിച്ചാല്‍ മാത്രമേ മാപ്പുറ്റോയില്‍ നിന്നും ഇന്ത്യയിലേക്ക് അയ്ക്കാന്‍ കഴിയു. മൊസാമ്പിക്കില്‍ ആഭ്യന്തര വേ്യാമയാന മേഖലയില്‍ മൃതദേഹം വഹിച്ചു കൊണ്ടു പോകാന്‍ തക്ക വലിപ്പമുളള വിമാനം ചിമോയ മാപ്പുറ്റോ മേഖലയില്‍ സര്‍വീസില്ല. അതിനാല്‍ ചിമോയില്‍ നിന്നും മാപ്പുറ്റോയിലേയ്ക്ക് മൃതദേഹം കൊണ്ടുവരുന്നതിന് റോഡ് മാര്‍ഗം മാത്രമേ കഴിയുകയുളളു.
മൃതദേഹം കൊണ്ടു വരേണ്ട ദേശീയപാത 1 ല്‍ പ്രതിപക്ഷ കക്ഷിയായ റെണാമോസ് മിലിഷ്യായുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ അക്രമിക്കപ്പെട്ടു വരുന്നു. ആയതിനാല്‍ പോലീസ് അകമ്പടിയോടു കൂടി മാത്രമേ മൃതദേഹം മാപ്പുറ്റോയില്‍ എത്തിക്കാന്‍ കഴിയു. പോലീസ് സംരക്ഷണത്തോടെ മൃതദേഹം മാപ്പുറ്റോയില്‍ എത്തിച്ച് അവിടെ നിന്നും ഇന്ത്യയിലേയ്ക്ക് അയ്ക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു.