അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയെടുക്കാന്‍ മൊബൈല്‍ ക്യാമറയുമായി ഒരു ജനക്കൂട്ടം നില്‍ക്കുന്നു. ആരാണിവള്‍ എന്നറിയണ്ടേ? ചൈനയിലെ റോബോട്ട് ദേവത എന്നറിയപ്പെടുന്ന ജിയ ജിയയെ കണ്ടാല്‍ മനുഷ്യസ്ത്രീയാണെന്നേ ആരും പറയൂ. ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ചെന്‍ ഷിയോഹിംഗിന്റെ കരവിരുതില്‍ വിരിഞ്ഞതാണ് ജീവന്‍ തുടിക്കുന്ന ഈ റോബോട്ട്.
മൈ ലോഡ് എന്നാണു മനുഷ്യരെ ഇവള്‍ അഭിസംബോധന ചെയ്യുന്നത്. കണ്ണിന്റെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, സംസാരിക്കുമ്പോഴുള്ള ചുണ്ടനക്കം എന്നിവയെല്ലാം യഥാര്‍ഥ മനുഷ്യരുടേതു പോലെ തന്നെയാണ്. ഇതിനുപുറമേ, മനുഷ്യരോടൊപ്പം പിടിച്ചുനില്‍ക്കാനായി പുതിയ അറിവുകളും നേടിയെടുത്തുകൊണ്ടിരിക്കുകയാണ്.
മൂന്നു വര്‍ഷം കൊണ്ടാണു ഇതു നിര്‍മിച്ചത്. പ്രശസ്തയായ ഒരു ഹോളിവുഡ് നടിയെ അനുസ്മരിപ്പിക്കും വിധമാണു ജിയയെ രൂപകല്പന ചെയ്തതെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്. പക്ഷേ, ഇതാരാണെന്നു മാത്രം അവര്‍ വെളിപ്പെടുത്തുന്നില്ല. ബുദ്ധിയുള്ളവര്‍ കണ്ടുപിടിക്കട്ടെ എന്ന ഭാവമാണ് ഇവര്‍ക്ക്.