ആരും വേണ്ട, സ്വന്തം കൂട് ഇവള്‍ സ്വയം വൃത്തിയാക്കും

chimനമ്മുടെ വീടും പരിസരങ്ങളും അടിച്ചുവാരിയും തുടച്ചും വൃത്തിയായി സൂക്ഷിക്കുന്നതില്‍ നാം വലിയ ശ്രദ്ധാലുക്കളാണ്. അതിനോടൊപ്പം നാം വളര്‍ത്തുന്ന പക്ഷികളുടെയും മൃഗങ്ങളുടെ കൂടുകളുമെല്ലാം നാം വൃത്തിയാക്കാറുണ്ട്. എന്നാല്‍ എതെങ്കിലും മൃഗം തന്റെ കൂടു തനിയെ വൃത്തിയാക്കുന്നതു കണ്ടിട്ടുണ്ടോ?

റഷ്യയിലെ ക്രാസ്‌നോയാര്‍സ്കിലുള്ള റോയ്‌വ് റൂച്ചേ കാഴ്ചബംഗ്ലാവിലെ അന്തേവാസിയായ ചിമ്പാന്‍സിയാണു താന്‍ വസിക്കുന്ന മുറി സ്വയം വൃത്തിയാക്കുന്നത്. അഞ്ചു വയസു പ്രായമുള്ള അന്‍ഫിസായെന്ന ചിമ്പാന്‍സിയാണു നനഞ്ഞ തുണി ഉപയോഗിച്ചു താന്‍ കിടക്കുന്ന മുറിയുടെ ഗ്ലാസ് തുടച്ചു വൃത്തിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കാഴ്ചബംഗ്ലാവിലെ ജീവനക്കാരന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വിക്ഷിച്ചു പഠിച്ചതിനുശേഷമാണ് അന്‍ഫിസായുടെ പ്രവര്‍ത്തനം. ഗ്ലാസില്‍ പറ്റിപിടിച്ചിരിക്കുന്ന മുഴുവന്‍ അഴുക്കും ഇത്തരത്തില്‍ ചിമ്പാന്‍സി നീക്കം ചെയ്യുന്നു.

അന്‍ഫിസയെ ജീവനക്കാര്‍ ആരും സഹായിക്കാറില്ലെന്നും അവളുടെ പ്രയത്‌നങ്ങള്‍ക്കു പ്രതിഫലമായി പഴങ്ങള്‍ നല്‍കാറുണ്ടെന്നും ചിമ്പാന്‍സിയുടെ ഈ പ്രവര്‍ത്തനം മൂലം ജീവനക്കാര്‍ക്കു സമയവും കാഴ്ചബംഗ്ലാവിനു പണവും ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. കാഴ്ചബംഗ്ലാവിലെ താരമായി മാറിയിരിക്കുന്ന അന്‍ഫിസായ്ക്ക് കളിക്കാന്‍ കൊടുത്തിരിക്കുന്ന ചതുരകട്ടയിലെ അക്ഷരങ്ങള്‍ എഴുതുവാനും വിശദീകരിക്കാനുമുള്ള കഴിവ് കൂടി ഉണ്ടെന്നു ജീവനക്കാര്‍ പറയുന്നു.

ക്രാസ്‌നോയാര്‍സില്‍ തന്നെയുള്ള ന്യുട്ടണ്‍ പാര്‍ക്ക് സയന്‍സ് മ്യൂസിയത്തിലെ ജീവനക്കാര്‍ ഇപ്പോള്‍ അന്‍ഫിസയ്ക്കു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു പോകാന്‍ സാധാരണയായി മൃഗങ്ങള്‍ക്കു പേടിയാണ് എന്നാല്‍ ഒരു ടിവി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അന്‍ഫിസ മോസ്‌കോയിലേക്കു വിമാനത്തില്‍ പറന്നിരിക്കുകയാണ്.

Related posts