ആര്‍ജിവിയുടെ ട്വീറ്റ് വിവാദമായി

rgv280516ചില തുറന്നുപറച്ചിലുകള്‍ വിവാദമാകാറുണ്ട്. വിവാദമായാലും തനിക്കു പറയാനുള്ള കാര്യം തുറന്നുപറയാന്‍ ചിലര്‍ മടിക്കാറുമില്ല. അത്തരമൊരാളാണ് ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനെയും സല്‍മാന്‍ഖാനെയും താരതമ്യം ചെയ്തുകൊണ്ട് രാം ഗോപാല്‍ വര്‍മ നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഷാരൂഖ്ഖാനേക്കാള്‍ ഒരുപടി മുന്നിലാണ് ഇപ്പോള്‍ സല്‍മാന്‍ഖാന്‍ എന്ന തരത്തിലാണ് രാം ഗോപാല്‍വര്‍മ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സല്‍മാന്‍ഖാന്റേതായി പുറത്തിറങ്ങിയ അവസാന മൂന്നു ചിത്രം എടുക്കാം. കിക്ക്, ബജ്‌റംഗി ഭായ്ജാന്‍, പ്രേം രത്തന്‍ ദന്‍ പായോ എന്ന ചിത്രങ്ങള്‍. ഇതു മൂന്നും ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായി. പക്ഷേ ഷാരൂഖ് ഖാന്റേതായി ഏറ്റവും അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. ദില്‍വാലേ, ഫാന്‍ മുതലായവ.

തമിഴ് സിനിമയില്‍ കമലഹാസന്റെ സൂപ്പര്‍താര പദവി രജനീകാന്തിന്റെ വരവോടു കൂടി നഷ്ടപ്പെട്ടതുപോലെയാണ് ഇപ്പോള്‍ ബോളിവുഡിലും കാര്യങ്ങള്‍. ബോളിവുഡില്‍ ഷാരൂഖ് ഖാനേക്കാള്‍ സ്വീകാര്യത സല്‍മാന്‍ഖാന്‍ നേടിയെടുത്തിരിക്കുന്നു. ഇങ്ങനെ പോകുന്നു രാം ഗോപാല്‍ വര്‍മയുടെ വിലയിരുത്തലുകള്‍.

എന്തായാലും രാംഗോപാല്‍ വര്‍മയുടെ പുതിയ വെളിപ്പെടുത്തല്‍ ഷാരൂഖ് ഖാന്റെ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. വിജയവും പരാജയവുമൊക്കെ സിനിമയില്‍ പതിവാണെന്നും അടുത്തടുത്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ അടുപ്പിച്ച് വിജയിച്ചുവെന്നുവച്ച് നടന്‍മാരെ വിലയിരുത്തുന്നത് ശരിയല്ലെന്നുമാണ് ഷാരൂഖ്ഖാന്റെ ആരാധകരുടെ പക്ഷം.  മമ്മൂട്ടിയേക്കാള്‍ മികച്ച നടനാണ് ദുല്‍ഖര്‍സല്‍മാന്‍ എന്നു മുമ്പ് രാംഗോപാല്‍വര്‍മ ട്വീറ്റ് ചെയ്തിരുന്നതും വിവാദമായിരുന്നു.

Related posts