ആശുപത്രി പേവാര്‍ഡില്‍ കുട്ടിയോടൊപ്പം കിടന്ന പിതാവിന് പാമ്പ് കടിയേറ്റു; വിദഗ്ദ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

alp-hospitalചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രി പേവാര്‍ഡില്‍ കിടന്നുറങ്ങിയ ആള്‍ക്ക് പാമ്പ് കടിയേറ്റു. വെട്ടയ്ക്കല്‍ പൊള്ളയില്‍ സെബാ സ്റ്റ്യനെയാ(ടെന്‍സ്-32)ണ് പാമ്പ് കടിച്ചത്. അഞ്ചുദിവസം പ്രായമായ കുഞ്ഞിനൊപ്പം കിടന്നുറങ്ങിയ സെബാസ്റ്റ്യനെ കടിയേറ്റ ഉടന്‍  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് പേവാര്‍ഡില്‍ കഴിയുന്ന ഭാര്യ ജിബിയ്ക്കും അഞ്ചുദിവസം പ്രായമായ കുഞ്ഞിനുമൊപ്പം കഴിയുകയായിരുന്നു സെബാസ്റ്റ്യന്‍. ജിബി കട്ടിലിലും സെബാസ്റ്റ്യന്‍ കുഞ്ഞുമായി നിലത്ത് പായ വിരിച്ചുമാണ് കിടന്നിരുന്നത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കാലില്‍ കടിയേറ്റതിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ മുറിയില്‍ നോക്കിയപ്പോള്‍ കുഞ്ഞിനെ പുതപ്പിച്ച തുണിക്കു സമീപം ചുരുണ്ടുകൂടിയ നിലയില്‍ അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള മുറിയിലുള്ള ആളുകള്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു.

ഇതുമായി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. മുറിയുടെ വാതിലിന്റെ വിടവിലൂടെയാണ് പാമ്പ് അകത്ത് കടന്നതെന്ന് കരുതുന്നു.   നവീകരണത്തിന് മൂന്നുമാസത്തോളം അടിച്ചിട്ടശേഷം രണ്ടാഴ്ച മുമ്പാണ് പേവാര്‍ഡുകള്‍ രോഗികള്‍ക്ക് തുറന്നുകൊടുത്തതെന്നും പാമ്പ് മുറിയില്‍ കയറുവാന്‍ സാധ്യത കുറവാണെന്നും നഗരസഭാധ്യക്ഷന്‍ ഐസക് മാടവന പറഞ്ഞു.

Related posts