അമരവിള: യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതമെന്ന് തെളിഞ്ഞത് സുഹൃത്തുക്കള്‍ പകര്‍ത്തിയ ചിത്രത്തിലൂടെ. ആത്മഹത്യയെന്ന് കരുതി എഴുതി തള്ളേണ്ട കേസാണ് ഒടുവില്‍ കൊലപാതകം എന്ന് പോലീസ് സ്ഥിരീകരിച്ചത്. പള്ളിച്ചല്‍ അയണിമൂട് മുക്കലംപഴ വീട്ടില്‍ രാജേഷ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അച്ഛന്‍ ഭൂവന ചന്ദ്രന്‍ നായരെ ( 62) പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ആദ്യം ആത്മഹത്യ എന്ന നിലയില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്ത തെങ്കിലും തിങ്കളാഴ്ചയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണമടഞ്ഞ രാജേഷ് കിടന്നിരുന്ന മുറിയുടെ താഴ് അകത്ത് നിന്ന് അടച്ചിരുന്നതിനാല്‍ സംഭവം.
ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസിനെ എത്തിച്ചത്. രാജേഷ് ആശുപത്രിയിലായ ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തിയ ഭൂവന ചന്ദ്രന്‍ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്തിരുന്നു . രാജേഷ് മരിച്ച ശേഷം വീട്ടിലെ സംസ്കാര ചടങ്ങുകളിലും കൂസലില്ലാതെ ഭൂവന ചന്ദ്രന്‍ പങ്കെടുത്തു. ചില ബന്ധുക്കള്‍ ആത്മഹത്യയാണെന്ന് പറഞ്ഞപ്പോള്‍ അത് ശരിവയ്ക്കുന്ന രീതിയിലും സംസാരിച്ചിരുന്നു. സംഭവം കഴിഞ്ഞ് രണ്ട് ദിവസം മരണവുമായി ബന്ധപ്പെട്ട മൊഴി നല്‍കാനായി ഭൂവന ചന്ദ്രന്‍ നരുവാമൂട് പോലീസ്‌സ്റ്റേഷനിലും എത്തിയിരുന്നു.
രാജേഷ് മരിച്ച ദിവസം വീടിനു പുറകില്‍ കണ്ട പെട്രോള്‍ കുപ്പി സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു .എന്നാല്‍ കഴിഞ്ഞ ദിവസം ഇതു തിരക്കി പോലീസെത്തുമ്പോള്‍ കുപ്പി അവിടെ നിന്നും മാറ്റിയിരുന്നു. ചോദ്യം ചെയ്യലില്‍ അങ്ങനെയൊരു കുപ്പി ഇല്ലെന്നായിരുന്നു ഭൂവനചന്ദ്രന്റെ മറുപടി . തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഭുവനചന്ദ്രന്‍ കുറ്റം സമ്മതിച്ചത് .